തൃശ്ശൂർ : എം.ജി. റോഡിലെ മൊബൈൽ ഷോപ്പിൽനിന്ന് അഞ്ചരലക്ഷം രൂപയുെട 35 മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. അസം സ്വദേശി മുസിദുൽ ഇസ്ലാ(25)മിനെയാണ് തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണറുടെ കീഴിലുള്ള ഷാഡോ പോലീസും ഈസ്റ്റ് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാർച്ച് 24-ന് രാത്രി കടയുടെ ഷട്ടറിന്റെ പൂട്ട്‌ തകർത്താണ്‌ മോഷണം. പെരുമ്പാവൂരിൽ നാലുവർഷമായി ഓട്ടോ വർക്ക്ഷോപ്പിൽ ജോലിയെടുക്കുന്ന മുസിദുൽ ഇസ്ലാം ഈയടുത്ത് സ്വന്തമായി ഓട്ടോ വർക്ക് ഷോപ്പ് തുടങ്ങിയിരുന്നു. അന്വേഷണസംഘത്തിൽ ഈസ്റ്റ് സി.ഐ. ഫറോസ്, എസ്.ഐ. സിനോജ്, ഷാഡോ പോലീസ് എസ്.ഐ.മാരായ ഗ്ലാഡ്സൺ, രാജൻ, സുവ്രതകുമാർ, റാഫി, ഗോപാലകൃഷ്ണൻ രാകേഷ്, എസ്.സി.പി.ഒ.മാരായ ജീവൻ, പഴനിസ്വാമി, ലികേഷ്, വിപിൻ എന്നിവരുമുണ്ടായിരുന്നു.