തൃശ്ശൂർ : രണ്ടാഴ്‌ചത്തെ കുതിപ്പിനുശേഷം ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25-ൽ താഴേക്കെത്തി. ചൊവ്വാഴ്‌ച 23.34 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. ഏപ്രിൽ 26-ന് 22.9 ആയിരുന്ന നിരക്ക് പിറ്റേദിവസം 25.43-ലേക്ക് ഉയർന്നു. മേയ് രണ്ടിന് 33.1-ൽ എത്തിയതാണ് ജില്ലയിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്ക്.

ചൊവ്വാഴ്‌ച ജില്ലയിൽ 3282 പേർക്കാണ്‌ രോഗം. ഇതിൽ 3257 പേർക്ക്‌ സന്പർക്കം വഴിയാണ്‌ രോഗം. 14,064 സാന്പിളുകൾ പരിശോധിച്ചു. പരിശോധനയുടെ എണ്ണവും ചൊവ്വാഴ്‌ച കൂടുതലായിരുന്നു. ഒരുമാസത്തിനിടെ 14,000-നുമേൽ പരിശോധനകൾ നടന്ന ആറാമത്തെ ദിവസമായിരുന്നു ഇത്. ചൊവ്വാഴ്‌ച 2161 പേർ രോഗമുക്തരായി. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 52,231. തൃശ്ശൂർ സ്വദേശികളായ 84 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു.

സൈക്കിളാണേലും സത്യവാങ്മൂലമുണ്ട്‌...

അടച്ചിടലിന്റെ ഗുണം അവഗണിച്ചാൽ ദുരിതം

തൃശ്ശൂർ : ജില്ലയിൽ പോസിറ്റിവിറ്റി കുറയാൻ കാരണം കർശന നിയന്ത്രണങ്ങളാണെന്ന് ആരോഗ്യവകുപ്പ്. ഇതേനില തുടർന്നാൽ അതിരൂക്ഷമായ സ്ഥിതിയിൽനിന്ന് കരകയറാനാവുമെന്നാണ് പ്രതീക്ഷ. ലോക്ഡൗൺ തുടങ്ങുന്നതിനുമുമ്പ് ജില്ലയിലെ 85 ശതമാനം തദ്ദേശസ്ഥാപനങ്ങളും ഒരാഴ്ചയായി അതിനിയന്ത്രിതമേഖലകളായിരുന്നു. ഈ സമയത്ത് അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ അല്ലാതെ ഒന്നും പ്രവർത്തിച്ചിരുന്നില്ല. അതിന്റെ തുടർച്ചയായി ലോക്ഡൗൺ വരുകകൂടി ചെയ്തപ്പോൾ രോഗവ്യാപനം ചെറുതായി പിടിച്ചുനിർത്തി എന്നുവേണം കരുതാൻ. എന്നാൽ, പ്രതിരോധമാർഗങ്ങൾ അവഗണിച്ചാൽ പഴയപടിയാവാൻ അധികസമയം വേണ്ടിവരില്ലെന്ന് ആരോഗ്യവകുപ്പ് ജില്ലാ അധികൃതർ പറയുന്നു.