ചേർപ്പ് : കരുവന്നൂർ പുഴയോട് ചേർന്ന വൈക്കോച്ചിറയിലെ കമാന്റെമുഖം അടയ്ക്കാൻ തീരുമാനം. ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. വിനോദിന്റെ സമരത്തെ തുടർന്നാണ് ഇറിഗേഷൻ വകുപ്പ് അധികൃതർ സ്ഥലത്തെത്തി തീരുമാനം അറിയിച്ചത്.
കരുവന്നൂർ പുഴയിൽ നിന്ന് ഹെർബർട്ട് കനാലിലേക്ക് വെള്ളം ഒഴുകുന്നത് കമാന്റെമുഖം വഴിയാണ്. വെള്ളം നിയന്ത്രിക്കുന്നതിന് പലക വെച്ച് അടയ്ക്കാൻ പാകത്തിൽ ബ്രിട്ടീഷുകാരുടെ കാലത്ത് നിർമിച്ച സംവിധാനമാണിത്. എല്ലാ കൊല്ലവും ഇൗ ഭാഗം പലക വെച്ച് അടയ്ക്കാറുണ്ടെങ്കിലും 2018 മുതൽ അത് നിലച്ചു. ആ കൊല്ലം ഉണ്ടായ പ്രളയത്തിന്റെ ആഘാതം കൂട്ടിയത് പുഴയിൽ നിന്ന് ഇതുവഴിയുള്ള നിലയ്ക്കാത്ത ഒഴുക്കുകൂടിയായിരുന്നു. കഴിഞ്ഞ വർഷവും വലിയ നാശം ഉണ്ടായി. എന്നിട്ടും അവ അടയ്ക്കാൻ അധികൃതർ തയാറായില്ല. ഇക്കൊല്ലവും പഞ്ചായത്തിലെ നിരവധി പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. ഇക്കൊല്ലം കമാന്റെമുഖം അടയ്ക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയിട്ടും അത് പാലിക്കാതിരുന്നതിനാലായിരുന്നു സമരം. രാവിലെ തുടങ്ങിയ സമരം ഉച്ചതിരിഞ്ഞ് മൂന്ന് വരെ തുടർന്നു. ഇറിഗേഷൻ എക്സിക്യുട്ടീവ് എൻജിനീയറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തീരുമാനം അറിയിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. കെ.ആർ. സിദ്ധാർത്ഥൻ, പി.എച്ച്. ഉമ്മർ, കുട്ടികൃഷ്ണൻ നടുവിൽ എന്നിവരും സമരത്തിൽ പങ്കെടുത്തു.