ആമ്പല്ലൂർ : അളഗപ്പനഗർ, പുതുക്കാട് ഗ്രാമപ്പഞ്ചായത്തുകളിൽ കോവിഡ് ഡൊമിസിലിയറി കെയർ സെന്റർ തുറന്നു. അളഗപ്പനഗറിൽ പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസൺ തയ്യാലയ്ക്കൽ ഉദ്ഘാടനം ചെയ്തു. അളഗപ്പ പോളിടെക്നിക് ഹോസ്റ്റലിൽ 46 മുറികളും 150 കിടക്കകളുമാണ് ഒരുക്കിയിട്ടുള്ളത്. 24 മണിക്കൂർ ഹെൽപ് ഡെസ്ക് ആരംഭിച്ചതായി പ്രസിഡൻറ് അറിയിച്ചു. അഞ്ച് വാഹനങ്ങളും മരുന്നിന് വേണ്ടി 40 ലക്ഷം രൂപയും മാറ്റിവെച്ചതായി പ്രസിഡൻറ് പറഞ്ഞു.

ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ. രാജേശ്വരി അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം വി.എസ്. പ്രിൻസ്, കൊടകര ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.എം. ചന്ദ്രൻ, ടെസി വിൽസൻ, പഞ്ചായത്തംഗങ്ങളായ ഭാഗ്യവതിചന്ദ്രൻ, സനൽ മഞ്ഞളി, ജിജോ ജോൺ, പി.കെ. ശേഖരൻ, നോഡൽ ഓഫീസർ എം.ജെ. രതീഷ്, ഡോ. രാജേഷ്, സെക്രട്ടറി ശാലിനി എന്നിവർ പ്രസംഗിച്ചു.

പുതുക്കാട് പഞ്ചായത്തിന്റെ ഡൊമിസിലിയറി സെന്റർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. സെയ്ൻറ് സേവ്യേഴ്സ് സി.യു.പി. സ്കൂളിൽ ആരംഭിച്ച സെൻററിൽ 40 കിടക്കകളാണുള്ളത്. വൈസ് പ്രസിഡൻറ് ഷൈനി ജോജു അദ്ധ്യക്ഷയായി. പഞ്ചായത്തംഗങ്ങളായ ഷാജു കാളിയേങ്കര, രതി ബാബു, ആൻസി ജോബി, രശ്മി ശ്രീശോഭ്, പ്രീതി ബാലകൃഷ്ണൻ, ഹിമദാസൻ, വി.പി. സജീവൻ, സെക്രട്ടറി എം.എച്ച്. ഷാജിക്, ഹെൽത്ത് ഇൻസ്പെക്ടർ സി.എൻ. വിദ്യാധരൻ എന്നിവർ പ്രസംഗിച്ചു.