വടക്കാഞ്ചേരി : വാഴാനിയിലെ കൾച്ചറൽ സെന്ററിനായി നിർമ്മിച്ച കെട്ടിടത്തിന് ഒരു പതിറ്റാണ്ടിനു ശേഷം കോവിഡ് വ്യാപനത്തിൽ ശാപമോക്ഷം. വാഴാനിയിലെത്തുന്ന സഞ്ചാരികൾക്കായി എ.സി.മൊയ്തീൻ, 47 ലക്ഷം രൂപ എം.എൽ.എ. ഫണ്ട് നൽകി 2010-ലാണ് കൾച്ചറൽ സെന്റർ നിർമ്മിച്ചത്. പിന്നീട് ഇത് ഉദ്ഘാടനംപോലും നടക്കാതെ അടഞ്ഞു കിടന്നു. കഴിഞ്ഞ ദിവസം ഡിവൈ.എഫ്.ഐ. പ്രവർത്തകർ വൃത്തിയാക്കിയ ഇവിടെ തെക്കുംകര പഞ്ചായത്ത് കോവിഡ് രോഗികൾക്കായി ചികിത്സാകേന്ദ്രം സജ്ജമാക്കി.

തിങ്കളാഴ്ച മന്ത്രി എ.സി. മൊയ്തീൻ,നിയുക്ത എം.എൽ.എ. സേവ്യർ ചിറ്റിലപ്പിള്ളി, പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എം.കെ. ശ്രീജ എന്നിവരോടൊപ്പം സാംസ്കാരിക കേന്ദ്രത്തിലെത്തി ആരോഗ്യപ്രവർത്തകരുമായി ചർച്ച നടത്തി. ചൊവ്വാഴ്ച മുതൽ ഇത് പ്രവർത്തനസജ്ജമാകും.

പുതുരുത്തിയിൽ ഏഴുവർഷം മുന്നേ നിർമ്മാണം പൂർത്തിയായി ജില്ല പഞ്ചായത്ത് ഉദ്ഘാടനം നടത്തി അടച്ചിട്ടിരുന്ന പട്ടികജാതി വിഭാഗങ്ങൾക്കുള്ള ഫ്ളാറ്റ് സമുച്ചയം വടക്കാഞ്ചേരി നഗരസഭയും കഴിഞ്ഞ കോവിഡ് ചികിത്സ കേന്ദ്രമാക്കി പ്രയോജനപ്പെടുത്തി.