പെരിങ്ങോട്ടുകര : കോവിഡ് പ്രതിരോധത്തിനായി 24 മണിക്കൂറും ഓക്‌സിജൻ സൗകര്യങ്ങളോടെയുള്ള ആംബുലൻസ് അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് സജ്ജമാക്കി. ആക്ട്‌സ് തൃപ്രയാർ യൂണിറ്റാണ് ആംബുലൻസ് വിട്ടുനൽകിയത്. ബ്ലോക്കിന്റെ പരിധിയിലുള്ള അഞ്ച് പഞ്ചായത്തുകളിൽ പ്രവർത്തനമാരംഭിച്ചിട്ടുള്ള ഡി.സി.സി.കളിൽ ആംബുലൻസിന്റെ സേവനം ലഭ്യമാകും.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീനാ പറയങ്ങാട്ടിൽ ആംബുലൻസിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. കൃഷ്ണകുമാർ അധ്യക്ഷനായി. ജനപ്രതിനിധികളായ കെ.കെ. ശശിധരൻ, സിന്ധു ശിവദാസ്, അബ്ദുൾ ജലീൽ എടയാടി, സി.ആർ. രമേശ്, പി.എസ്. നജീബ്, കെ.കെ. രാമചന്ദ്രൻ, സീനത്ത് മുഹമ്മദാലി എന്നിവർ പ്രസംഗിച്ചു.

ഓരോ ഡി.സി.സി.യിലും ഓക്‌സിജൻ സൗകര്യവും പത്തുവീതം ഓക്‌സിമീറ്ററുകളും എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. കൃഷ്ണകുമാർ അറിയിച്ചു. പഞ്ചായത്തുകളിലെ ഡി.സി.സി.കൾക്ക് രോഗികളെ ഉൾക്കൊള്ളാനാകാത്ത സാഹചര്യം വന്നാൽ ബ്ലോക്കിന്റെ കീഴിൽ കേന്ദ്രം ഒരുക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.