തൃശ്ശൂർ : പേരിലെ ‘വിദൂര വിദ്യാഭ്യാസം’ പോലെ വിദൂരമാവുമോ വിദ്യാഭ്യാസവും എന്ന ആശങ്കയിലാണ് പാരലൽ കോളേജ്‌ നടത്തിപ്പുകാരും വിദ്യാർഥികളും. കോവിഡും ലോക്ഡൗണും മൂലം തളർന്ന മേഖലയിലേക്ക്‌ ‘ഓപ്പൺ’ യൂണിവേഴ്സിറ്റി വിഷയവും കടന്നുവരുമ്പോൾ ഉയരുന്നുണ്ട് വിവാദങ്ങൾ.

ഇക്കുറി വിദ്യാർഥികൾ സമാന്തര വിദ്യാഭ്യാസ മേഖല കൈവിടുമോയെന്ന ആശങ്കയിലാണ് പാരലൽ കോളേജുകൾ. സാമ്പത്തിക പ്രതിസന്ധിമൂലം പല പാരലൽ കോളേജുകളും അടച്ചുപൂട്ടൽ ഭീഷണിയിലാണ്. കോളേജുകളിൽ ജൂൺ രണ്ടിനുതന്നെ ക്ലാസ് തുടങ്ങി.

മേഖല പ്രതിസന്ധിയിൽ

സംസ്ഥാനത്ത് കാലിക്കറ്റ്, കേരള, കണ്ണൂർ, മഹാത്മാഗാന്ധി സർവകലാശാലകളിലായി വിദൂരവിദ്യാഭ്യാസം വഴി ഒന്നരലക്ഷത്തോളം വിദ്യാർഥികളാണ് പാരലൽ കോളേജുകളിൽ പഠിക്കുന്നത്. 800-ന് മുകളിൽ പാരലൽ കോളേജുകളുണ്ട്. പലതും അടച്ചു.

ജില്ലയിലെ 125 കോളേജുകളും തുടരണോ വേണ്ടയോ എന്ന ചോദ്യചിഹ്നത്തിലാണ്. വാടകയ്ക്കാണ് പല പാരലൽ കോളേജുകളും പ്രവർത്തിക്കുന്നത്. കഴിഞ്ഞവർഷം മുതൽ ഓൺലൈൻ പഠനമായതിനാൽ പലയിടത്തും കൃത്യമായി ഫീസ് ലഭിക്കാത്ത സ്ഥിതിയുണ്ടായി. ഈ വർഷം അഡ്മിഷൻ നടത്താൻ പറ്റുമോയെന്ന ആശങ്കയുമുണ്ട്.

ശമ്പളം കുറച്ചു; ചിലർക്ക് ജോലിയില്ല

25,000 അധ്യാപകരാണ് മേഖലയിലുള്ളത്. ഓൺലൈൻ ക്ലാസ് ആയതോടെ അധ്യാപകരുടെ യാത്രച്ചെലവ് വെട്ടിച്ചുരുക്കി. ശമ്പളം കുറഞ്ഞു.

മണിക്കൂറുകൾക്ക് വേതനം പറ്റുന്ന അധ്യാപകരും ഇക്കൂട്ടത്തിലുണ്ട്. ക്ലാസിൽ 60 കുട്ടികളുണ്ടായിരുന്ന സ്ഥാനത്ത് ഓൺലൈൻ പ്ലാറ്റ്ഫോമിൽ 200-ലധികം വിദ്യാർഥികൾക്ക് ഒരധ്യാപകനെന്ന സ്ഥിതി വന്നു. കൂടുതൽ അധ്യാപകർക്കും ക്ലാസില്ലാതെ വന്നു. ഇത് ശമ്പളം പകുതിയാക്കി. അവധിക്കാലം ഒഴികേയുള്ള പത്തുമാസം മാത്രമാണ് ഇവർക്ക് ശമ്പളമുള്ളത്. രണ്ടുമാസം ശമ്പളമില്ല. ആദ്യം കോവിഡ്‌, പിന്നെ ലോക്‌ഡൗണും ഓപ്പൺ സർവകലാശാലാ പ്രശ്നവും. ‘തോൽക്കാ’തിരിക്കാൻ പാടുപെടുകയാണ്‌ പാരലൽ കോളേജുകൾ. പലതും അടച്ചുപൂട്ടൽ വക്കിൽ. അധ്യാപകർക്കാകട്ടെ ശന്പളവും കിട്ടുന്നില്ല

വിവാദമായി ‘ഓപ്പൺ സർവകലാശാല’; മടിച്ച് വിദ്യാർഥികൾ

2020 ഒക്ടോബർ രണ്ടിന് കൊല്ലത്ത് ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല സ്ഥാപിച്ചതോടെ മറ്റ് സർവകലാശാലകളുടെ വിദൂരവിദ്യാഭ്യാസ പ്രൈവറ്റ് രജിസ്‌ട്രേഷൻ കോഴ്സുകൾ ഈ സർവകലാശാലയുടെ ഭാഗമാക്കി സർക്കാർ പ്രഖ്യാപിച്ചു. പെട്ടെന്നുള്ള മാറ്റത്തിൽ പ്രതിഷേധിച്ച് ‘സേവ് പാരലൽ കോളേജ് കാമ്പയിൻ’ നടത്തിയിരുന്നു. പാരലൽ കോളേജ് വിദ്യാർഥികൾക്ക് മാതൃസർവകലാശാലകളിൽ പഠിക്കാൻ അനുവാദമില്ലാതെ വന്നപ്പോൾ കഴിഞ്ഞവർഷം വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതിയിൽനിന്ന് അനുകൂല ഉത്തരവ് വന്നതോടെയാണ് പഠിക്കാനായത്. ഇക്കൊല്ലവും ഹൈക്കോടതി കൈവിടില്ലെന്ന വിശ്വാസത്തിലാണ് വിദ്യാർഥികളും യൂണിയനുകളും.