കോവിഡ് സെന്ററിൽ കഴിയുന്നവർക്ക് അവശ്യസാധന കിറ്റുകളുമായി പത്താംക്ലാസുകാരി

കൊടുങ്ങല്ലൂർ : താലൂക്ക് ആശുപത്രിയിലെ കോവിഡ് സെന്ററിൽ കഴിയുന്ന രോഗികൾക്കാവശ്യമായ ചികിത്സാ സാമഗ്രികൾ വാങ്ങിനൽകുന്നതിനായി നഹ്‌ല ഇത്തവണ സ്വരൂപിച്ചത് പതിനായിരം രൂപ.

കെ.കെ.ടി.എം. ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർഥിയും എസ്.പി.സി. സീനിയർ കേഡറ്റുമായ നഹ്‌ലയെ വിദ്യാർഥികൾക്കും അധ്യാപകർക്കും പെട്ടെന്ന് മറക്കാനാകില്ല. മഹാമാരിയുടെ ആദ്യ ലോക്ഡൗൺ കാലത്ത് വാടകവീട്ടിലെ മട്ടുപ്പാവിൽ ജൈവപച്ചക്കറി കൃഷിയിലൂടെയുള്ള മുഴുവൻ പച്ചക്കറികളും സ്വയം തുന്നിയെടുത്ത മാസ്‌കുകളും നഗരസഭയ്ക്ക് നൽകുവാനെത്തിയ നഹ്‌ല അന്നേ സ്‌കൂളിലെ താരമായിരുന്നു.

പെരുന്നാൾ ആഘോഷം ചടങ്ങുകളിലൊതുക്കി സ്വരൂപിച്ച, തന്റെയും സഹോദരങ്ങളുടെയും ചെറിയ സമ്പാദ്യവും ബന്ധുക്കളിൽനിന്നും സുഹൃത്തുക്കൾ, അധ്യാപകർ തുടങ്ങിയവരിൽനിന്നുമായി ശേഖരിച്ചതും ചേർത്താണ് 10000 രൂപയ്ക്ക് സാധനങ്ങൾ വാങ്ങിയത്. ആശുപത്രിയിലെ രോഗികൾക്കുള്ള സാനിറ്റേഷൻ കിറ്റുകളും ദൈനംദിന ആവശ്യത്തിന് ഉപയോഗിക്കുന്ന പൾസ് ഓക്സിമീറ്ററുകൾ പ്രവർത്തിക്കുന്നതിനാവശ്യമായ ബാറ്ററികളുമാണ് വാങ്ങിയവയിൽ പ്രധാനം.

പുരുഷൻമാർക്കും സ്ത്രീകൾക്കും റോസ്, നീല നിറങ്ങളിലുള്ള 75 കിറ്റുകളാണ് ഒരുക്കിയത്. കിറ്റുകളിൽ മാസ്‌ക്, സാനിറ്റൈസർ, ടൂത്ത്‌പേസ്റ്റ്, സോപ്പ്, സാനിറ്ററി പാഡ്, ഷേവിങ് സ്റ്റിക്, ബ്ലീച്ചിങ് പൗഡർ തുടങ്ങിയവയാണ് ഉൾപ്പെടുത്തിയത്. വ്യാഴാഴ്ച രാവിലെ സ്‌കൂളിൽ നഗരസഭാ ചെയർപേഴ്‌സൺ എം.യു. ഷിനിജയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ നഹ്‌ലയിൽനിന്നും ആശുപത്രി സൂപ്രണ്ട് ഡോ. ഉണ്ണികൃഷ്ണൻ കിറ്റുകൾ ഏറ്റുവാങ്ങി.