വിത്തനശ്ശേരി (പാലക്കാട്) : പത്തുകൊല്ലത്തെ ഒറ്റമുറിജീവിതത്തിൽനിന്നു സ്വയം പറിച്ചുനട്ട, പാലക്കാട് അയിലൂർ വിത്തനശ്ശേരിയിലെ റഹ്‌മാനും സജിതയ്ക്കും സഹായഹസ്തവുമായി പോലീസും നാട്ടുകാരും. മൂന്നുമാസമായി ഇവർ കഴിയുന്ന വാടകവീട്ടിലേക്ക് വ്യാഴാഴ്ച നെന്മാറ പോലീസിന്റെ വകയായി പാചകവാതകവും സ്റ്റൗവുമെത്തി.

പച്ചക്കറിയും മറ്റു നിത്യോപയോഗസാധനങ്ങളുമടക്കമുള്ള സഹായങ്ങളുമായി നാട്ടുകാരും ഇവരെ തേടിയെത്തി. പോലീസിന്റെ നേതൃത്വത്തിൽ ഇരുവർക്കും മനഃശാസ്ത്ര കൗൺസലിങ്ങും ലഭ്യമാക്കി.

പോലീസുകാരുടെയും നാട്ടുകാരുടെയും തണലിൽ പുതുജീവിതത്തിലേക്ക് പ്രവേശിച്ചതിന്റെ സന്തോഷം ഇരുവരുടെയും മുഖത്ത് പുഞ്ചിരിയായി വിടർന്നു. രമ്യ ഹരിദാസ് എം.പി. ഉൾപ്പെടെയുള്ളവരും ക്ഷേമാന്വേഷണവുമായെത്തിയതോടെ ആശ്വാസത്തിന്റെ നിമിഷങ്ങളായിരുന്നു.

അതേസമയം, സ്വന്തം വീട്ടിലെ ശൗചാലയസൗകര്യം പോലുമില്ലാത്ത കുടുസ്സുമുറിയിൽ മറ്റുള്ളവരറിയാതെ പത്തുവർഷം സജിതയെ പാർപ്പിച്ചുവെന്ന റഹ്മാന്റെ വിശദീകരണത്തിലെ ദുരൂഹത നീക്കാൻ പോലീസ് അന്വേഷണം നടത്തി. ഇവർ ഒരുമിച്ചുജീവിക്കാൻ തീരുമാനിച്ചവരായതിനാലും പരാതിയില്ലാത്തതിനാലും തുടരന്വേഷണമില്ലെന്നും പോലീസ് അറിയിച്ചു.