തൃശ്ശൂർ : കളഞ്ഞുകിട്ടിയ പേഴ്‌സിൽ 400 രൂപയും ഒരു സത്യവാങ്മൂലവും മാത്രമേ ആ പോലീസുകാർ ആദ്യം കണ്ടുള്ളൂ. ഉടമയെ അറിയിച്ച് കഴിഞ്ഞ് വെറുതേ ഒന്നുകൂടി പരിശോധിച്ചപ്പോൾ കണ്ടത് 41 ഗ്രാം വരുന്ന തങ്കമാല. എവിടെയോ മറന്നുവെച്ചുവെന്ന് കരുതിയിരുന്ന മാല തന്റെ പേഴ്‌സിലുണ്ടെന്നും അത് പോലീസുകാർ കണ്ടെത്തിയെന്നും അറിഞ്ഞപ്പോൾ അവരുടെ തങ്കമനസ്സിന് നന്ദി പറഞ്ഞ് ഉടമയും.

അപൂർവമായൊരു പേഴ്‌സ്‌കഥ അരങ്ങേറിയത് കിഴക്കേക്കോട്ടയിലെ പോലീസ് ഡ്യൂട്ടി പോയിന്റിലാണ്. ലോക്ഡൗൺ ഡ്യൂട്ടിയിൽ നിൽക്കുമ്പോഴാണ് എ.എസ്.ഐ. കെ.എ. യൂസഫിന്റെ അടുത്തേക്ക് അരിമ്പൂർ സ്വദേശിയായ സുനിൽ ഒരു പേഴ്‌സുമായെത്തിയത്. സിവിൽ പോലീസ് ഓഫീസർമാരായ അജിത്ത്, വിശാഖ് എന്നിവരും യൂസഫിനൊപ്പം ഉണ്ടായിരുന്നു. കളഞ്ഞുകിട്ടിയ പേഴ്‌സാണെന്ന് പറഞ്ഞാണ് സുനിൽ ഇതു കൈമാറിയത്. അവിടെവെച്ചുതന്നെ പേഴ്‌സ് പരിശോധിച്ചു. 400 രൂപയും ഒരു സത്യവാങ്മൂലവും അതിൽ കണ്ടു.

സുനിലിന്റെ സാന്നിധ്യത്തിൽത്തന്നെ സത്യവാങ്മൂലത്തിൽ കണ്ട നമ്പറിലേക്ക് വിളിച്ചു. ഫോണെടുത്തത് ചേലക്കോട്ടുകര സ്വദേശി സെനിൽ ജോർജ്. താങ്കളുടെ പേഴ്‌സ്‌ കിഴക്കേക്കോട്ടയിലെ പോലീസ് ഡ്യൂട്ടി പോയിന്റിൽ സൂക്ഷിച്ചിട്ടുണ്ടെന്ന്‌ പോലീസ്‌ അറിയിച്ചു. പോലീസുകാരൻ വിശാഖ് ആ പേഴ്‌സിന്റെ ഉള്ളിലെ അറകളിൽ ഒന്നുകൂടി പരിശോധിച്ചു. കട്ടിയുള്ള ഏതോ വസ്തു സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി. മറ്റ് പോലീസുദ്യോഗസ്ഥരെ കാണിച്ചു. ഏകദേശം 41 ഗ്രാം തൂക്കമുള്ള തങ്കമാലയായിരുന്നു അത്‌. മാർക്കറ്റ് വിലയിൽ ഇതിന് രണ്ടുലക്ഷത്തിലധികം രൂപയുടെ മൂല്യം.

വേഗം കിഴക്കേക്കോട്ടയിലെത്തണമെന്ന്‌ വീണ്ടും സെനിലിന്റെ ഫോണിലേക്ക് കോൾ. സെനിൽ പാഞ്ഞെത്തുകയും ചെയ്തു. പോലീസ് വീണ്ടും ചോദിച്ചു- ‘‘പേഴ്‌സിനുള്ളിൽ വേറെയെന്തെങ്കിലും ഉണ്ടായിരുന്നോ?, ഒന്നുകൂടി ആലോചിക്കൂ’’.

അപ്പോഴാണ് സെനിൽ സ്വർണത്തിന്റെ കാര്യം ഓർത്തത്. ‘‘തന്റെ ജൂവലറി പണിശാലയിലെ കുറച്ച് സ്വർണാഭരണം ഉരുക്കിയ തനി തങ്കം പേഴ്‌സിനകത്ത് അറയിൽ സൂക്ഷിച്ചിരുന്നു. ഇപ്പോഴാണ് അതിനെക്കുറിച്ച് എനിക്ക് ഓർമ വന്നത്’’-സെനിൽ പറഞ്ഞു. ഉടമസ്ഥതയുറപ്പിച്ച് പോലീസ്‌ പേഴ്‌സ് കൈമാറി.

പോലീസ് ഉദ്യോഗസ്ഥരുടെ സേവനത്തെ പ്രകീർത്തിച്ച് സിറ്റി പോലീസ് കമ്മിഷണർ ആർ. ആദിത്യ ഫെയ്‌സ്ബുക്കിൽ സംഭവം പോസ്റ്റിട്ടിട്ടുണ്ട്.

തൃപ്രയാർ : അപകടമുണ്ടാക്കി വാഹനം നിർത്താതെ പോകേണ്ട. സുധീർ കുടുക്കുമെന്നുറപ്പ്. വലപ്പാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക്കിന്റെ കാലിൽ കയറി നിർത്താതെ പോയ ബൈക്കിന്റെ ഉടമയെ അന്വേഷണം ഏറ്റെടുത്ത് അഞ്ചു ദിവസത്തിനുള്ളിൽ പിടികൂടിയാണ് തൃശ്ശൂർ റൂറൽ ജില്ലാ ക്രൈം റെക്കോഡ്സ് ബ്യൂറോയിലെ അസി. സബ് ഇൻസ്പെക്ടർ കെ.പി. സുധീർ മികവ് ആവർത്തിച്ചത്.

കഴിഞ്ഞ മാർച്ച് 31-ന് വൈകീട്ടാണ് തൃപ്രയാർ പോളി ജങ്ഷനിൽ മോട്ടോർ സൈക്കിൾ കയറി പഞ്ചായത്ത്‌ പ്രസിഡന്റിന്റെ കാലിന്റെ എല്ല് ഒടിഞ്ഞത്. ലോക്കൽ പോലീസ് രണ്ടര മാസത്തോളം അന്വേഷിച്ചിട്ടും വാഹനം കണ്ടെത്താനായില്ല. തുടർന്നാണ് അഞ്ചു ദിവസം മുമ്പ് റൂറൽ എസ്.പി. ജി. പൂങ്കുഴലി അന്വേഷിക്കാൻ സുധീറിന് നിർദേശം നൽകിയത്.

സ്റ്റേഷനിൽനിന്ന് അയച്ചുകൊടുത്ത നാല് ചിത്രങ്ങളാണ് ആകെയുണ്ടായ തെളിവ്. ഇതിൽ യുവതിയും യുവാവുമാണ് ബുള്ളറ്റിലുണ്ടായതെന്ന് മാത്രമേ മനസ്സിലാകൂ. ചിത്രം സൂക്ഷ്മമായി നിരീക്ഷിച്ച സുധീറിന് ബുള്ളറ്റ് 2019-ൽ പുറത്തിറങ്ങിയ മോഡലാണെന്ന് വ്യക്തമായി. തൃപ്രയാർ സബ് ആർ.ടി.ഒ. ഓഫീസിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ ലിസ്റ്റിൽ നിന്ന് ഉടമകളുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് കണ്ടെത്തി പരിശോധിച്ചു.

സംഭവദിവസം ഇവരുടെ മൊബൈൽ ടവർ ലൊക്കേഷൻ മനസ്സിലാക്കി. അപകടമുണ്ടാക്കിയയാളെ തിരിച്ചറിഞ്ഞു.അപകടമുണ്ടായ സമയത്ത് താൻ തന്നെയാണ് യാത്രചെയ്തതെന്ന് യുവാവ് സമ്മതിച്ചു. എന്നാൽ, പഞ്ചായത്ത് പ്രസിഡന്റിന്റെ കാലിൽ കയറിയത് താൻ അറിഞ്ഞിട്ടില്ലെന്ന് യുവാവ് പറഞ്ഞു. വലപ്പാട് പോലീസ് യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യം അനുവദിച്ചു. ഒരു വർഷത്തിനുള്ളിൽ ഇത് നാലാമത്തെ തവണയാണ് അപകടമുണ്ടാക്കി നിർത്താതെ പോയ വാഹനം സുധീർ കണ്ടുപിടിക്കുന്നത്.  അസി. സബ് ഇൻസ്പെക്ടർ കെ.പി. സുധീർ

 തങ്കമടങ്ങിയ പേഴ്‌സ് തൃശ്ശൂർ ഈസ്റ്റ് പോലീസ് എ.എസ്.ഐ. യൂസഫ്, ഉടമയായ സെനിൽ ജോർജിന് കൈമാറുന്നു