കാരമുക്ക് : നടവഴിക്കുപോലും സ്ഥലമില്ലാത്തതിനാൽ മൃതദേഹം വീട്ടിലേക്കും തിരിച്ച്‌ സംസ്‌കാരത്തിനും കൊണ്ടുപോയത് കമ്പിവേലിക്ക് മുകളിലൂടെ. കാരമുക്ക് ചാത്തൻകുളങ്ങര ഭാഗത്ത് നാരാണത്ത് മാധവനാണ് (70) വ്യാഴാഴ്ച പുലർച്ചെ മരിച്ചത്. മാധവന്റെ പുരയിടത്തിലേക്ക് ഒരാൾക്ക് സൈക്കിളിൽ പോകത്തക്കവഴി ഉണ്ടായിരുന്നതായി പറയുന്നു. ഒരുഭാഗത്ത് മതിൽ കെട്ടി. മറുഭാഗം അടുത്തിടെ സ്ഥലം വാങ്ങിയ വ്യക്തി അതിർത്തിയിൽ കമ്പിവേലിയിട്ടു. ഇതോടെ കാൽനടയാത്രയും ദുസ്സഹമായി. കമ്പിവേലിയിൽ വസ്ത്രം കൊളുത്താതെ നടന്നുപോകുകയെന്നത് സാഹസികമാണ്. വെങ്കിടങ്ങ് ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു. ഭാര്യ: ജാനകി. മക്കൾ: ബൈജു, രമണി. മരുമക്കൾ: സുലഭ, കൃഷ്ണകുമാർ.