അടച്ച റോഡ് തുറക്കാൻ ഇനി രണ്ടാഴ്ച കൂടി

ഗുരുവായൂർ : അമൃത് കാന നിർമാണം നടക്കുന്നതിനിടെ നഗരത്തിൽ 50 വർഷങ്ങൾക്കു മുമ്പ് പണിത കൾവർട്ടുകളും മാറ്റി. കല്ലും മണ്ണും ചളിയും വന്നടിഞ്ഞ് ഒഴുക്ക് നഷ്ടപ്പെട്ട കൾവർട്ടുകളാണ് മാറ്റിപ്പണിയുന്നത്. ഗുരുവായൂർ കിഴക്കേ നടയിലെ റെയിൽവേ സ്റ്റേഷൻ റോഡിൽ കാനയുടെ നിർമാണം കഴിഞ്ഞിട്ടും വെള്ളം ഒഴുകിപ്പോകാത്ത സ്ഥിതിയുണ്ടായതോടെയാണ് ഈ കാനകളുടെ സ്ഥിതി ശ്രദ്ധയിൽ പെട്ടത്.

ജോലികൾക്കായി നാലു ദിവസം മുമ്പ് റെയിൽവേ സ്റ്റേഷൻ റോഡ് അടച്ചു. കൾവർട്ടിന്റെ നിർമാണം വേഗത്തിൽ നടക്കുന്നുണ്ട്. ഇനി പുതിയ സ്ലാബുകൾ പണിത് ബലപ്പെടുത്തണം. അതിന് രണ്ടാഴ്ച കൂടി സമയമെടുക്കുമെന്നാണ് പറയുന്നത്. വാഹനങ്ങളുടെ തിരക്കില്ലാത്ത സമയമായതുകൊണ്ട് റോഡ് അടയ്ക്കുന്നതുകൊണ്ട്‌ വലിയ ബുദ്ധിമുട്ടുകളുമുണ്ടാകില്ല.