വടക്കാഞ്ചേരി : തലപ്പിള്ളി താലൂക്ക് സപ്ലൈ ഓഫീസ് വാടകക്കെട്ടിടത്തിലെ മൂന്നാംനിലയിൽനിന്ന് സർക്കാർ കെട്ടിടത്തിലേക്ക്‌ മാറ്റുന്നു. ലോക്‌ഡൗൺ കഴിഞ്ഞാൽ, താലൂക്ക് ഓഫീസ് അങ്കണത്തിൽ ട്രഷറി പ്രവർത്തിച്ചിരുന്ന പഴയ കെട്ടിടത്തിലേക്ക്‌ ഓഫീസ് മാറ്റും. എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായിട്ടുണ്ടെന്ന് താലൂക്ക് സപ്ലൈ ഓഫീസർ പറഞ്ഞു. സപ്ലൈ ഓഫീസിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർ കോണികൾ കയറി ദുരിതം അനുഭവിക്കുന്ന കാര്യം ‘മാതൃഭൂമി’ നേരത്തേ വാർത്ത നൽകിയിരുന്നു.

ഓഫീസിന് അനുവദിച്ച സ്ഥലം പെയിന്റിങ് ഉൾപ്പെടെ കഴിഞ്ഞു. വടക്കാഞ്ചേരി ടൗൺ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്നത് നിന്നുതിരിയാൻ സ്ഥലമില്ലാത്ത വാടകക്കെട്ടിടത്തിലാണ്. വടക്കാഞ്ചേരി നഗരസഭ പത്ത് ലക്ഷം രൂപ ചെലവാക്കി ഓട്ടുപാറയിലെ നഗരസഭാ കെട്ടിടത്തിൽ എക്സ്‌ചേഞ്ചിനു വേണ്ട സൗകര്യം ഒരുക്കിയിട്ട് ഒരുവർഷം പിന്നിട്ടിട്ടും എക്സ്‌ചേഞ്ച് പ്രവർത്തനം പഴയ വാടകക്കെട്ടിടത്തിൽത്തന്നെയാണ്.