എലിഞ്ഞിപ്ര : മലയോരമേഖലയിലെ നാട്ടുകാരുടെ ഏക ആശ്രയമായ എലിഞ്ഞിപ്ര സാമൂഹികാരോഗ്യ കേന്ദ്രം വളപ്പിലെ മരങ്ങൾ അനുവാദമില്ലാതെ മുറിച്ചെന്ന് പരാതി.

മഴക്കാലത്ത് ആരോഗ്യകേന്ദ്രത്തിന് ഭീഷണിയായ മരങ്ങളുടെ കൊമ്പുകൾ മുറിച്ചുനീക്കാൻ ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തിന്റെ മറവിലാണ് ഒൻപത് വലിയ മരങ്ങൾ കടയോടെ മുറിച്ചിട്ടത്. 30 വർഷത്തിനു മേൽ പ്രായമുള്ള മരങ്ങൾ വരെ മുറിച്ചതായി നാട്ടുകാർ പറഞ്ഞു. കൊമ്പുകൾ മുറിക്കാനല്ലാതെ മരങ്ങൾ മുറിക്കാൻ ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി അനുമതി നൽകിയിരുന്നില്ലെന്നാണ് കമ്മിറ്റിയിലെ ചില അംഗങ്ങൾ പറയുന്നത്.

മുൻ വർഷങ്ങളിൽ പതിവായി മഴക്കാലത്തിനു മുൻപ് അപകടാവസ്ഥയിലുള്ള മരങ്ങളുടെ കൊമ്പുകൾ വെട്ടി മാറ്റിയിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം കൊമ്പുകൾ മുറിക്കുന്നതിന്റെ മറവിൽ മരങ്ങൾ മുറിക്കുകയായിരുന്നു.

വിവരമറിഞ്ഞ് എൽ.ഡി.എഫ്. പ്രവർത്തകർ എത്തി മരങ്ങൾ മുറിക്കുന്നത് തടഞ്ഞു. അപകട ഭീഷണിയായ കൊമ്പുകൾ വെട്ടി മാറ്റാൻ അനുവദിച്ചു. സംഭവം വിവാദമായതോടെ മരംമുറി നിർത്തി വച്ചു.

ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി അംഗം കെ.കെ. ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം എം.ഡി. ബാഹുലേയൻ, പഞ്ചായത്തംഗം ടി.ആർ. ബാബു തുടങ്ങിയവർ സംഭവസ്ഥലത്തെത്തി. സംഭവത്തിൽ എൽ.ഡി.എഫ്. പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്‌ മന്ത്രിമാർക്ക് പരാതി നൽകി.

എന്നാൽ, കഴിഞ്ഞ വർഷം കാറ്റിൽ മരങ്ങൾ വീണ് ആരോഗ്യകേന്ദ്രത്തിന് നാശനഷ്ടങ്ങൾ സംഭവിച്ചതായി അധികൃതർ പറഞ്ഞു. അതിനാൽ ആരോഗ്യകേന്ദ്രത്തിനും ക്വാർട്ടേഴ്‌സുകൾക്കും സമീപം നിന്ന അപകടഭീഷണിയായ പാഴ്‌മരങ്ങൾ മാത്രമാണ് മുറിച്ചുനീക്കിയതെന്നാണ് ആരോഗ്യകേന്ദ്രം അധികൃതർ പറയുന്നത്.