എടക്കുളം : പൂമംഗലം ഗ്രാമപ്പഞ്ചായത്ത് ഒന്നാം വാർഡിൽ എടക്കുളം കനാൽ പാലത്തിനരികിലൂടെ പോകുന്ന തെക്കേ ബണ്ട് റോഡ് കനത്തമഴയിൽ ഇടിഞ്ഞു. റോഡ് മധ്യഭാഗത്തുനിന്ന് വിണ്ട് ആറിഞ്ചിലേറെ അകന്നുമാറിയ നിലയിലാണ്. നാട്ടുകാർ കട്ടകളും വൈക്കോലും പ്ലാസ്റ്റിക് ഷീറ്റുമിട്ട് അപകടസ്ഥലത്ത് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
2019-ൽ മരപ്പാലത്തിനുസമീപം അമ്പതുമീറ്ററോളം ഇടിഞ്ഞ് ഷൺമുഖം കനാലിലേക്ക് വീണിരുന്നു. തുടർന്ന് മണൽ ചാക്കുകളിട്ട് താത്കാലികമായി ബണ്ടിന്റെ അരികുകെട്ടി ഉയർത്തിയെങ്കിലും ഞായറാഴ്ച പെയ്തമഴയിൽ അതേ സ്ഥലത്തുതന്നെ റോഡ് ഇടിഞ്ഞു.
25 മീറ്ററോളം നീളത്തിൽ അരികിടിഞ്ഞ് നിൽക്കുന്നുണ്ടെന്നും മഴ തുടരുന്നതിനാൽ കൂടുതൽ ഭാഗത്തേക്ക് റോഡിൽ വിള്ളൽ സംഭവിക്കുന്നുണ്ടെന്നും നാട്ടുകാർ പറഞ്ഞു.
പടിയൂർ, പൂമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡിന്റെ തീരത്ത് ഇരുനൂറോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്.
മുകുന്ദപുരം തഹസിൽദാർ ഐ.ജെ. മധുസൂദനൻ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വർഷ രാജേഷ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. റോഡ് തകർന്നതിനെ തുടർന്ന് ഇതുവഴി ഭാരം കൂടിയ വാഹനങ്ങളുടെ യാത്ര നിരോധിച്ചിട്ടുണ്ട്.