വടക്കാഞ്ചേരി : ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി ചരൽപറമ്പിൽ നടക്കുന്ന ഫ്ളാറ്റ് സമുച്ചയനിർമാണത്തെക്കുറിച്ച് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്.
സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് അനിൽ അക്കര എം.എൽ.എ. ഗവർണർക്ക് കത്ത് നൽകി. വിദേശഫണ്ടിന്റെ ദുരുപയോഗവും കേന്ദ്ര നയതന്ത്രമാനദണ്ഡങ്ങളുടെ ലംഘനവുമാണ് വിഷയം. സ്ഥലമെടുക്കുന്ന കാര്യത്തിൽ എം.എൽ.എ.യോട് ആലോചിച്ചിരുന്നില്ല.
രണ്ട് ഏക്കറിലധികം വരുന്ന ഭൂമി വിലകൊടുത്ത് വാങ്ങുമ്പോൾ ഇതിലേയ്ക്കുള്ള വഴിസൗകര്യം അഞ്ചുമീറ്റർ താഴെയായിരുന്നു. പിന്നീട് വഴിക്കായി കൂടുതൽ സ്ഥലം വാങ്ങിയ നടപടി നിയമവിരുദ്ധവും അഴിമതിയുമാണെന്നും എം.എൽ.എ. ആരോപിക്കുന്നു.
നിർമാണസ്ഥലത്തെ ബോർഡിൽ ലൈഫ് മിഷൻ പ്രോജക്ട് യു.എ.ഇ. കോൺസുലേറ്റ് വഴി എമിറേറ്റ്‌സ് റെഡ് ക്രസന്റ് സ്പോൺസർ ചെയ്തതാണെന്നും നിർവഹണം യൂണിറ്റാക്കിനാണെന്നും പരസ്യപ്പെടുത്തിയിട്ടുണ്ട്.
രാഷ്ട്രപതിഭവനും കേന്ദ്രസർക്കാരും അറിയാതെ യു.എ.ഇ. റെഡ് ക്രസന്റ് കേരളത്തിൽ പണം ചെലവുചെയ്തോയെന്നും അന്വേഷിക്കണം.
വടക്കാഞ്ചേരി നഗരസഭയുടെ ഭരണനേതൃത്വം അടക്കമുള്ളവരുടെ ഗൂഢാലോചനയുടെ ഭാഗമായാണ് സ്വകാര്യസ്ഥാപനത്തെ ലൈഫ് പദ്ധതി ഏൽപ്പിച്ചിട്ടുള്ളതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
നഗരസഭയിലെ കോൺഗ്രസ് കൗൺസിലർമാർ തിങ്കളാഴ്‌ച സ്വർണക്കടത്ത് അന്വേഷണത്തിൽ ഫ്ളാറ്റ് നിർമാണവും ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് സത്യാഗ്രഹം നടത്തും.