ഗുരുവായൂർ : ‘പശുവിന് എന്തെങ്കിലും പറ്റിയോ എന്നറിയാനാണ് ഞങ്ങൾ പറമ്പിലേക്ക് ചെന്നത്. അപ്പോൾ കണ്ടത് അച്ഛൻ ഷോക്കേറ്റ് പിടയുന്നതായിരുന്നു. മനസ്സ് തളർന്നെങ്കിലും പെട്ടെന്നൊരു ധൈര്യം വന്നു. ഉണങ്ങിയ വടിയെടുത്തടിച്ച് വൈദ്യുതക്കന്പി നീക്കി’ -അച്ഛനെ രക്ഷിച്ച സന്ദർഭം ഓർത്തെടുക്കുമ്പോൾ അഞ്ജനയ്ക്കും അരുണിനും ഇപ്പോഴും ‘ഷോക്ക്’ മാറുന്നില്ല. വൈദ്യുതക്കമ്പിയിൽതട്ടി ഷോക്കേറ്റ അച്ഛനെ രക്ഷിച്ച മക്കളിപ്പോൾ നാട്ടിലെ താരങ്ങളാണ്. മക്കളുടെ മനക്കരുത്തുകൊണ്ട് ജീവൻ തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിലാണ് പിതാവ്. കോട്ടപ്പടി വാക്കയിൽ ഷാജനാണ് ഷോക്കേറ്റുവീണത്.
വീടിന്റെ തൊട്ടടുത്ത പറമ്പിൽ പശുവിനെ കെട്ടിയിരുന്നു. പശു പതിവില്ലാതെ കരയുന്ന ശബ്ദം കേട്ട് ഷാജൻ ചെന്നുനോക്കി. പിന്നാലെ മക്കളും. അവിടെ വൈദ്യുതക്കമ്പി ചാഞ്ഞുകിടക്കുന്നുണ്ടായിരുന്നു. അതറിയാതെ പശുവിനെ അഴിക്കുന്നതിനിടയിൽ വൈദ്യുതക്കമ്പി ഷാജന്റെ ദേഹത്തുവീണ് ഷോക്കേൽക്കുകയായിരുന്നു.
മക്കൾ വടികൊണ്ട് അടിച്ച് കമ്പി മാറ്റിയെങ്കിലും ഷാജന്റെ കൈകളുടെ ഭാഗം കരിഞ്ഞിരുന്നു. കുട്ടികൾ ഒച്ചവെച്ചപ്പോൾ പരിസരവാസികളായ ലതിക ബേബി, ഡെയ്‌സി ജോൺസൺ, ഫിലോമിന എന്നിവരുമെത്തി. ഷാജനെ ഉടൻ ആശുപത്രിയിലെത്തിച്ചു. കുന്നംകുളം ഗേൾസ് സ്‌കൂളിൽനിന്ന് ഇത്തവണ അഞ്ജന എസ്.എസ്.എൽ.സി. വിജയിച്ചു. അരുൺ ഐ.ടി.ഐ. വിദ്യാർഥിയും. രക്ഷാപ്രവർത്തനം നടത്തിയ വിദ്യാർഥികളെ കൗൺസിലർമാരായ ആന്റോ തോമസ്, മാഗി ആൽബർട്ട്, വർഗീസ് ചീരൻ എന്നിവരുടെ നേതൃത്വത്തിൽ അനുമോദിച്ചു.