ഒല്ലൂർ : പുറമ്പോക്കിലെ കൈയേറ്റം ഒഴിപ്പിക്കാതെയുള്ള റോഡ് നിർമാണം പടവരാട് പ്രദേശത്ത് നാട്ടുകാർ തടഞ്ഞു. പുറമ്പോക്കിലെ നിർമാണങ്ങൾ നിലനിർത്തി വൈദ്യുതിത്തൂണുകൾ റോഡരികിൽത്തന്നെ മാറ്റിസ്ഥാപിക്കുന്ന ജോലികളാണ് നാട്ടുകാരുടെ പ്രതിഷേധം മൂലം സ്തംഭിച്ചത്.

കിഫ്ബി ഫണ്ട് ചെലവഴിച്ചുള്ള മണ്ണുത്തി-എടക്കുന്നി റോഡിന്റെ പുനർനിർമാണം രണ്ടു വർഷം മുമ്പാണ് തുടങ്ങിയത്. മറ്റെല്ലായിടത്തും കാനകളുടെ നിർമാണം പുരോഗമിക്കുകയാണ്. പടവരാട് ഭാഗത്ത് കാന പണിയാൻ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത ഭാഗം അടയാളപ്പെടുത്തിയത് പിന്നീട് തിരുത്തിയെന്നും സ്വകാര്യവ്യക്തിയെ സഹായിക്കുംവിധം സ്ഥലം അളന്നുതിട്ടപ്പെടുത്തിയെന്നുമാണ് നാട്ടുകാരുടെ ആരോപണം.

പള്ളിക്കു സമീപത്താണ് തർക്കംകാരണം നിർമാണം അനിശ്ചിതത്വത്തിലായത്. ഇവിടെ തന്നെ റോഡിനുവേണ്ടി മറ്റു വീട്ടുകാരും സ്ഥാപനങ്ങളും കച്ചവടക്കാരുമൊക്കെ സ്വന്തം നിർമിതികൾ പൊളിച്ചുനീക്കി സ്ഥലം വിട്ടുനൽകുകയും ചെയ്തിട്ടുണ്ട്. ആരാധനാലയങ്ങളുടെ മതിലും പൊളിച്ചുനീക്കിയിട്ടുണ്ട്. ആർക്കും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇറിഗേഷൻ, പൊതുമരാമത്ത് വകുപ്പുകളുടെ അധീനതയിൽപ്പെട്ട സ്ഥലത്തെ കൈയേറ്റം ഒഴിപ്പിക്കാതെ റോഡ് ഒരുഭാഗത്ത് മാത്രം വീതികുറച്ച് നിർമാണത്തിന് മുതിർന്നതെന്ന ആക്ഷേപം ശക്തമായത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് കെ.എസ്.ഇ.ബി., പൊതുമരാമത്ത്, കിഫ്ബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. കിഫ്ബി എൻജിനീയറിങ് വിഭാഗം മേധാവി വിവരം കളക്ടറെയും സ്ഥലം എം.എൽ.എ.കൂടിയായ റവന്യൂ മന്ത്രിയെയും അറിയിക്കുകയും ചെയ്തു. കുട്ടനെല്ലൂർ - പടവരാട് - എടക്കുന്നി റോഡ് വികസനത്തിന് നിരവധി വീടുകളാണ് ഭാഗികമായും പൊളിച്ചുനീക്കിയിട്ടുള്ളത്. പടവരാട് ഭാഗത്തെ കൈയേറ്റക്കാരെ സംരക്ഷിച്ച് ചില രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടെന്ന് നാട്ടുകാർ ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടു.