ഗുരുവായൂർ : ലോക വനിതാ ദിനം ഗുരുവായൂരിലെ കുടുംബശ്രീക്കാർ ആഘോഷിക്കുന്നത് വ്യത്യസ്തമായ രീതിയിലാണ്. ഓരോ അയൽക്കൂട്ടങ്ങളിൽനിന്നുമുള്ള ആയിരത്തിലേറെ പേർ ഒരേ സമയം വായനാ മത്സരത്തിനൊരുങ്ങുകയാണ്.

നന്നായി വായിച്ചാൽ സമ്മാനവും കിട്ടും. ഗുരുവായൂർ നഗരസഭയിൽ 210 അയൽക്കൂട്ടങ്ങളുണ്ട്. ഓരോ അയൽക്കൂട്ടങ്ങളിൽ നിന്നുമായി അഞ്ചുപേരാണ് വായനാമത്സരത്തിൽ പങ്കെടുക്കുന്നത്. മത്സരത്തിനുള്ള സ്ഥലം കണ്ടെത്താനും അത് നിരീക്ഷിക്കാനുമായി അതത് അയൽക്കൂട്ടങ്ങളിൽ ഏഴു പേരെ നിയോഗിച്ചിട്ടുണ്ട്.

വായനയ്‌ക്ക് തിരഞ്ഞെടുക്കുന്ന പുസ്തകം,അക്ഷരസ്ഫുടത തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ ഓരോ അയൽക്കൂട്ടങ്ങളിൽനിന്ന് മികച്ച വായനക്കാരിയെ തിരഞ്ഞെടുക്കും.

അവസാനം ഗ്രാൻഡ് ഫിനാലെ മത്സരത്തിൽ 'ടോപ് റീഡറെ' കണ്ടെത്തുകയും ചെയ്യും.

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മുതൽ അഞ്ചു വരെയാണ് മത്സരം. മത്സരത്തിൽ പങ്കെടുക്കാനായി നല്ല പ്രതികരണങ്ങളാണുണ്ടായിട്ടുള്ളതെന്ന് മുഖ്യസംഘാടക സുനിതാ ശശികുമാറും സി.ഡി.എസ്. ചെയർപേഴ്‌സൺ ബിന്ദു കോറോട്ടും പറഞ്ഞു.

വനിതാ ദിനത്തിൽ പുതുമയോടെ എന്തെങ്കിലും ചെയ്യാനാകുമോ എന്ന ചിന്തയിൽനിന്നാണ് ഇങ്ങനെയൊരു മത്സരം തീരുമാനിച്ചതെന്നും ഗ്രൂപ്പുകളിൽ വിവരം കൈമാറിയപ്പോൾ നല്ല പിന്തുണ ലഭിക്കുകയും ചെയ്തെന്ന് അവർ പറഞ്ഞു.

ഗുരുവായൂരിൽ സി.ഡി.എസിനു മാത്രമായി മിനി ലൈബ്രറിയുണ്ട്. അതിൽ 1500 ഓളം പുസ്തകങ്ങളുമുണ്ട്. മത്സരാർഥികൾക്ക് അവിടെനിന്ന് പുസ്തകങ്ങൾ തിരഞ്ഞെടുക്കാം. ആവശ്യമെങ്കിൽ അയൽക്കൂട്ടങ്ങളിലെ നിരീക്ഷകർ മുഖേന പുസ്തകങ്ങൾ മത്സരാർഥികൾക്ക് എത്തിക്കുകയും ചെയ്യും. ചൊവ്വാഴ്ച വനിതകൾക്കുള്ള വായനാസെമിനാറുമുണ്ട്. അതിൽവെച്ച് സമ്മാനങ്ങൾ നൽകും.