ഇരിങ്ങാലക്കുട : രോഗത്തെക്കുറിച്ചോ വേദനകളെക്കുറിച്ചോ ഓർക്കാൻ ഇപ്പോൾ സമയം കിട്ടാറില്ല -പറയുന്നത് ഇരിങ്ങാലക്കുട ചേലൂർ ബ്ലാവിൽ മഠത്തിൽ രാധാകൃഷ്ണന്റെ ഭാര്യ ഉഷ. ആമവാതം പിടിപെട്ട് പത്തുവർഷത്തിലധികം കിടപ്പിലായ ഇവർ ഉയർത്തെഴുന്നേറ്റത് കാപ്പിപ്പൊടി കച്ചവടത്തിലൂടെ.

 ‘ബെറി ബീൻ’ എന്ന പേരിലുള്ള കാപ്പിപ്പൊടി ജില്ലയ്ക്ക് അകത്തും പുറത്തും പ്രസിദ്ധമായിരിക്കുന്നു. നർത്തകിയായിരുന്ന നടവരമ്പ് സ്വദേശിനി ഉഷ 18-ാം വയസ്സിലാണ് വിവാഹിതയായി ഇരിങ്ങാലക്കുടയിലെത്തിയത്. 22-ാം വയസ്സിൽ ആമവാതം പിടിച്ച് കിടപ്പിലായി. പത്തുവർഷം പൂർണമായും കിടപ്പിലായിരുന്നു. ശരീരത്തിലെ പേശികളെല്ലാം തകരാറിലായി.

ആയുർവേദചികിത്സ അലോപ്പതിയിലേക്ക് മാറ്റി. കോയമ്പത്തൂരിൽ വർഷങ്ങളോളം നടത്തിയ ചികിത്സയിലൂടെ പതിയെ വാക്കറിൽ നടന്നുതുടങ്ങി. ഇതിനിടയിൽ കാൽമുട്ട് മടങ്ങാതായതിനെത്തുടർന്ന് അത് മാറ്റിവെക്കേണ്ടിവന്നു. രോഗത്തിന്റെ ബുദ്ധിമുട്ടുകൾക്ക്‌ ആശ്വാസം കണ്ടെത്താനും ഒരു മാറ്റം ഉണ്ടാക്കാനുമായി വീട്ടുകാരുടെ പിന്തുണയോടെയാണ് ബിസിനസ് ചെയ്യാൻ തീരുമാനിച്ചത്. ഭർത്താവിന്റെ അച്ഛൻ ശങ്കരനാരായണ അയ്യർ ഇരിങ്ങാലക്കുടയിൽ വർഷങ്ങൾക്കുമുമ്പ് രാജേന്ദ്ര കോഫി വർക്‌സ് എന്ന പേരിൽ കാപ്പിപ്പൊടി നിർമിച്ചിരുന്നു. സ്വാദിഷ്ഠമായ ആ കാപ്പിയുടെ കൂട്ട് തന്റെ ഭർത്താവിന് അറിയാമെന്നത് എളുപ്പമായി.

എങ്കിലും, ബിസിനസ് ആരംഭിക്കുന്നതിന് മുമ്പായി അതിനെക്കുറിച്ച് അറിയാനും പഠിക്കാനുമായി വയനാട്, ബെംഗളൂരു, കൂർഗ്‌, മംഗളൂരു എന്നിവിടങ്ങളിലെ കാപ്പിപ്പൊടി ഉത്‌പാദനകേന്ദ്രങ്ങൾ സന്ദർശിച്ചു. അതിനുശേഷമാണ് ‘ബെറി ബീൻ’ ബ്രാൻഡിൽ കാപ്പിപ്പൊടി യൂണിറ്റ് ആരംഭിച്ചത്. ഗുണമേന്മയുള്ള കാപ്പിക്കുരു ഉപയോഗിച്ച്‌ അത്യാധുനിക യന്ത്രങ്ങളുടെ സഹായത്തോടെ ഉത്‌പാദനം ആരംഭിച്ചു. മകൻ അർജുനും മരുമകൾ ലളിതയും ഉഷയുടെ സഹായത്തിനുണ്ട്‌.