തൃപ്രയാർ : മണപ്പുറം ഫൗണ്ടേഷൻ അഖില കേരള പുരുഷ, വനിത ഫിറ്റ്നസ് ചലഞ്ച് നടത്തി. മണപ്പുറം ഗീതാ രവി പബ്ലിക് സ്കൂളിൽ നടന്ന മത്സരത്തിൽ നൂറിലധികം പേർ പങ്കെടുത്തു. സ്‌ക്വാട്ട് ചലഞ്ച് പുരുഷ വിഭാഗത്തിൽ അക്ഷയ് സുകുമാരൻ പാവറട്ടിയും വനിതാ വിഭാഗത്തിൽ വി.ഡി. അഞ്ജലി വലപ്പാടും ജേതാക്കളായി. പുരുഷവിഭാഗം പുഷ് അപ്പിൽ സഞ്ജയ് പ്രകാശ് പറവൂർ ജേതാവായി. പുരുഷവിഭാഗം ബർപീസിൽ ഹാഷിക്ക് ഷഹീർ ഒരുമനയൂർ ഒന്നാം സ്ഥാനം നേടി.

വനിത വിഭാഗം പ്ലാങ്ക് മത്സരത്തിൽ എൻ.ആർ. കാവ്യ കാഞ്ഞാണിയും വനിതാ വിഭാഗം സിറ്റ് അപ്പ് ചലഞ്ചിൽ ഫാത്തിമ പർവീൻ വലപ്പാടും ജേതാക്കളായി. മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി വി.പി. നന്ദകുമാർ ചലഞ്ച് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ് അധ്യക്ഷനായി.

ജൂനിയർ നാഷണൽ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോങ്ജംപിൽ വെള്ളിമെഡൽ നേടിയ ശിവപ്രിയ, കാലിക്കറ്റ് യൂണിവേഴ്സിറ്റി അത്‌ലറ്റിക് മീറ്റിൽ ജാവലിൻ ത്രോയിൽ ഒന്നാംസ്ഥാനം നേടിയ വി.ഡി. അഞ്ജലി, സബ്ജൂനിയർ കേരള പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ വി.ജെ. നബീൽ, സംസ്ഥാനതല ബാഡ്മിന്റൺ ടൂർണമെന്റുകളിൽ നേട്ടങ്ങൾ കൈവരിച്ച മാഫിറ്റ് ബാഡ്മിന്റൺ താരങ്ങളായ മിൻഹാജ്, റോഷൻ, അരുൺദേവ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. പുഷ് അപ്പ് ഏഷ്യൻ റെക്കോർഡ് ജേതാവ് വിനു മോഹൻ പ്രഭാഷണം നടത്തി. മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ. ജോർജ് ഡി. ദാസ്, മണപ്പുറം അക്കാദമി ഡയറക്ടർ ഡോ. ഷാജി മാത്യു, മാർക്കറ്റ് ഹെൽത്ത് ഡയറക്ടർ റഫീഖ് റോഷ് എന്നിവർ പ്രസംഗിച്ചു.

സമാപന ചടങ്ങിൽ വിനു മോഹനനും മിസ്റ്റർ യു.എ.ഇ. ഷഹീർ ചാവക്കാടും ചേർന്ന് കാഷ് അവാർഡും ട്രോഫിയും മെഡലും സർട്ടിഫിക്കറ്റും വിതരണംചെയ്തു.