ഇരിങ്ങാലക്കുട : വോട്ടിങ്‌ യന്ത്രങ്ങൾ സൂക്ഷിക്കുന്ന സ്‌ട്രോങ്‌ റൂമുകൾക്ക് കേന്ദ്ര റിസർവ് പോലീസിന്റെ കാവൽ.

ക്രൈസ്റ്റ് കോളേജിൽ ഒരുക്കിയിരിക്കുന്ന സ്‌ട്രോങ്‌ റൂമിൽ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ വോട്ടുകളും സെയ്ന്റ് ജോസഫ്‌സ് കോളേജിൽ പുതുക്കാട് മണ്ഡലത്തിലെ വോട്ടുകളുമാണ് സൂക്ഷിച്ചിരിക്കുന്നത്. മേയ് രണ്ടിനാണ് വോട്ടെണ്ണൽ. എറിയാട്ടെ വനിതാസൗഹൃദ ബൂത്തുകളിലും ഉയർച്ച

കൊടുങ്ങല്ലൂർ : ജില്ലയിൽ ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയത് കയ്പമംഗലം നിയോജകമണ്ഡലത്തിൽ -75 ശതമാനം. മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലുമായുള്ള 1,73,965 വോട്ടർമാരിൽ 1,33,408 പേർ വോട്ടുരേഖപ്പെടുത്തി. ബൂത്തുകളിലെത്തി വോട്ടുരേഖപ്പെടുത്തിയത് 76.68 ശതമാനം വോട്ടർമാരാണ്. 92,841 സ്ത്രീകളിൽ 72,256 പേരും 81,116 പുരുഷൻമാരിൽ 61,147 പേരും വോട്ടുരേഖപ്പെടുത്തിയിട്ടുണ്ട്. എട്ട് ട്രാൻസ്‌ജെൻഡർ വോട്ടർമാരിൽ അഞ്ചുപേർ വോട്ടുരേഖപ്പെടുത്തി. ശ്രീനാരായണപുരം പഞ്ചായത്തിലാണ് മണ്ഡലത്തിലെ ഉയർന്ന പോളിങ് രേഖപ്പെടുത്തിയിട്ടുള്ളത്.

എറിയാട് പഞ്ചായത്തിലെ 36,011 വോട്ടർമാരിൽ 27,758 പേർ വോട്ടുരേഖപ്പെടുത്തി. എടവിലങ്ങ് പഞ്ചായത്തിൽ 15,254 വോട്ടർമാരിൽ 12,139 പേരും ശ്രീനാരായണപുരം പഞ്ചായത്തിൽ 29,677 വോട്ടർമാരിൽ 24,573 പേരും മതിലകത്ത് 22,805 പേരിൽ 17,361 പേരും പെരിഞ്ഞനത്ത് 17,412 പേരിൽ 13,443 പേരും കയ്പമംഗലത്ത് 28,116 പേരിൽ 20,865 പേരും എടത്തിരുത്തിയിൽ 22,915 പേരിൽ 17,380 പേരും വോട്ടുരേഖപ്പെടുത്തി.

2016-ലെ തിരഞ്ഞെടുപ്പിൽ 1,69,809 വോട്ടർമാരിൽ 1,34,276 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. എൽ.ഡി.എഫ്. സ്ഥാനാർഥിക്ക് 66,824 വോട്ടും യു.ഡി.എഫ്. സ്ഥാനാർഥിക്ക് 33,384 വോട്ടുമാണ് ലഭിച്ചത്. എൻ.ഡി.എ. സ്ഥാനാർഥി 30,041 വോട്ട്‌ നേടി, യു.ഡി.എഫ്. സ്ഥാനാർഥിക്ക് തൊട്ടുപിന്നിലെത്തിയിരുന്നു.

കയ്പമംഗലത്ത് പ്രവചനാതീതം

കൊടുങ്ങല്ലൂർ : ഓരോ വോട്ടിനും ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന കയ്പമംഗലത്ത് മുന്നണികൾ കൂട്ടിയും കുറച്ചും വിജയമുറപ്പിക്കുന്നു. ശക്തമായ രാഷ്ട്രീയ പോരാട്ടത്തിന് വേദിയായിരുന്ന കയ്പമഗലത്ത് ഇത്തവണ മറ്റു ചില ഘടകങ്ങൾകൂടി കടന്നുവന്നതോടെ മുന്നണി സ്ഥാനാർഥികളുടെ നെഞ്ചിടിപ്പേറുന്നു.

പോളിങ്‌ ശതമാനത്തിൽ വലിയ മുന്നേറ്റമില്ലാത്തത് യു.ഡി.എഫ്., എൻ.ഡി.എ. മുന്നണികൾക്ക് ആശ്വാസമായിട്ടുണ്ടെങ്കിലും കഴിഞ്ഞതവണ ലഭിച്ച 33400 വോട്ടിന് മേൽ ഭൂരിപക്ഷം ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് എൽ.ഡി.എഫ്. മണ്ഡലത്തിൽ യാതൊരുവിധത്തിലുള്ള അട്ടിമറി സാധ്യതകളോ വോട്ടുചോർച്ചയോ എൽ.ഡി.എഫ്. പ്രതീക്ഷിക്കുന്നില്ല. മാത്രമല്ല മുഴുവൻ പഞ്ചായത്തുകളിലും വലിയ ഭൂരിപക്ഷമാണ് കണക്കുകൂട്ടുന്നത്.

യു.ഡി.എഫ്. വോട്ടെടുപ്പ് കഴിഞ്ഞതോടെ വലിയ ആത്മവിശ്വാസത്തിലാണ്. വർഷങ്ങൾക്ക് ശേഷം കോൺഗ്രസ് സ്ഥാനാർഥിയായ യുവനേതാവ് മത്സരരംഗത്തെത്തിയതും യു.ഡി.എഫ്. സംവിധാനമാകെ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചതും കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫിലേക്കും എൻ.ഡി.എ.യിലേക്കുമൊഴുകിയ വോട്ടുകൾ തിരിച്ചെത്തിക്കാൻ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ്. ചിലസമുദായ സമവാക്യങ്ങളും ഇത്തവണ യു.ഡി.എഫിനെ തുണയ്ക്കുമെന്ന് സൂചനകളുണ്ട്.

എൻ.ഡി.എ.യും തികഞ്ഞ ശുഭപ്രതീക്ഷയിലാണ്. ഉയർന്ന പോളിങ്ങും ഇരുമുന്നണികളോടുമുള്ള പ്രതിഷേധവും അനുകൂലമാകുമെന്നാണ് എൻ.ഡി.എ.യുടെ പ്രതീക്ഷ.

പോളിങ് ശതമാനത്തിലെ ഏറ്റകുറച്ചിലുകളല്ല ഇപ്പോൾ മണ്ഡലത്തിലെ പ്രധാന സംസാര വിഷയം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ. സ്ഥാനാർഥി നേടിയ വോട്ടുകൾ ഇത്തവണ നേടുമോ എന്നതിലാണ് മൂന്നു മുന്നണികളും ഉറ്റുനോക്കുന്നത്.