ചെറുതുരുത്തി : തൊണ്ണൂറിന്റെ അവശതകളിലും നീലമ്മ പ്രതീക്ഷയിലാണ് എന്നെങ്കിലും സ്വന്തം വീട്ടിലേക്ക് ഒരു റോഡ് വരുമെന്ന്. പരസഹായമില്ലാതെ ആശുപത്രിയിലും മറ്റും റോഡിലൂടെ പോകാൻ കഴിയുമെന്ന ഒരു ജന്മം മുഴുവൻ കാത്തിരുന്ന പ്രതീക്ഷയാണിത്.

ചക്കൻചിറ എസ്റ്റേറ്റ് പടി വഴി ഒരു നീർച്ചാലിന്റെ അരികിൽ കഷ്ടിച്ചു നടന്നുപോകാവുന്ന നടവഴി മാത്രമാണ് ഇപ്പോൾ ഉള്ളത്. ദേശമംഗലം ചക്കൻചിറയിൽ ചിറക്കാട്ടുകുഴിയിൽ നീലമ്മ (90) മക്കളായ രമാദേവി, രാധാമണി എന്നിവരോടൊപ്പമാണ് പഴയ വീട്ടിൽ താമസിക്കുന്നത്.

സ്ഥിരജോലിയില്ലാത്തതും രോഗാവസ്ഥകളും ഇവരെ ബുദ്ധിമുട്ടിക്കുന്നു. ആശുപത്രിയിലും മറ്റും പോകണമെങ്കിൽ പ്ലാസ്റ്റിക്‌ കസേരയിൽ ഇരുത്തി നാട്ടുകാരുടെ സഹായത്തോടെ ഏറ്റിക്കൊണ്ടുപോകേണ്ട സ്ഥിതിയാണ്.

റോഡില്ലാത്തതിനാൽ പഞ്ചായത്തിൽനിന്നും അനുവദിച്ച വീടുപോലും നിർമിക്കാൻ സാധിച്ചിട്ടില്ല. മൺചുമരിൽ തീർത്ത വീട് എന്നു നിലംപതിക്കുമെന്ന ഭീതിയിലാണ് ഈ കുടുംബം കഴിഞ്ഞുകൂടുന്നത്.

വീട്ടിൽനിന്ന്‌ ഏകദേശം 150 മീറ്റർ ദൂരത്തിൽ വരെ റോഡ്‌ വന്നുനിൽക്കുന്നുണ്ട്. ഇത്‌ കനാൽ റോഡുമായി ബന്ധിപ്പിച്ചാൽ നീലമ്മയടക്കം ഒട്ടേറെ പേരുടെ ആഗ്രഹം സഫലമാകും. ഇതിനു വലിയൊരു തുക ആവശ്യമായി വരും എന്നതാണ് വൈകാൻ കാരണം. എത്രയുംവേഗം റോഡ് നിർമിക്കാൻ നടപടി എടുക്കണമെന്ന ആവശ്യം ശക്തമാണ്.