വാടാനപ്പള്ളി : തൃത്തല്ലൂർ കെ.എം.എച്ച്.എം. അഗതിമന്ദിരത്തിലെ കുട്ടികളുടെ കൂട്ടത്തിലെത്തിയ മുർസിന മണവാട്ടിയായി. പാലക്കാട് വണ്ടാഴി മടപല്ലൂർ ഹനഫി മഹല്ലിൽ ചെമ്പംപാടത്ത് വീട്ടിൽ പരേതരായ ജബ്ബാർ - ആസിയ ദമ്പതിമാരുടെ രണ്ടാമത്തെ മകളാണ് മുർസിന. പതിനൊന്ന് വയസ്സുള്ളപ്പോൾ പിതാവും 18-ാം വയസ്സിൽ മാതാവും മരിച്ചതോടെയാണ് മുർസിന തൃത്തല്ലൂരിലെ കെ.എം.എച്ച്.എമ്മിൽ എത്തുന്നത്. ഇപ്പോൾ 22 വയസ്സായി. ഇവിടത്തെ വിദ്യാഭ്യാസത്തോടൊപ്പം ഖുർആന്റെ പകുതിയോളം ഭാഗം മനഃപാഠമാക്കിയിട്ടുണ്ട്.

സാമൂഹികമാധ്യമത്തിൽ മന്ദിരത്തിലെ അധികൃതർ നൽകിയ അഭ്യർഥനയിലൂടെ ലഭിച്ച സഹായത്താലാണ് മുർസിനയുടെ വിവാഹം നടത്തുന്നതെന്ന് സെക്രട്ടറി മുഹമ്മദ് റഷീദ് പറഞ്ഞു.

പാലക്കാട്‌ കിഴക്കഞ്ചേരി പഞ്ചായത്തിലെ മംഗലം ഡാം മഹല്ലിൽ പുത്തൻവീട്ടിൽ മുഹമ്മദലി - ഫാത്തിമത്ത് ദമ്പതിമാരുടെ മകൻ ഹുസൈനാരാണ് വരൻ. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നിക്കാഹിന് കാർമികനായി. സമസ്ത ജില്ലാ വർക്കിങ് പ്രസിഡൻറ്‌ നാസർ ഫൈസി തിരുവത്ര, സെക്രട്ടറി സി.എ. മുഹമ്മദ് റഷീദ്, ട്രഷറർ എ.കെ. അബ്ദുൽ ഖാദർ, മാനേജർ ഹാഫിള് നവാസ് അൽ കൗസരി, സുലൈമാൻ അൻവരി, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി.എ. ജാഫർ സാദിഖ് എന്നിവരും വധൂവരന്മാരെ ആശീർവദിക്കാൻ എത്തിയിരുന്നു.