അന്തിക്കാട് : കത്തുന്ന വെയിലിൽ വേനൽമഴയ്ക്കായി നാടൊന്നാകെ കാത്തിരിക്കുമ്പോഴും അന്തിക്കാട്ടെ കോൾകർഷകരുടെ ഉള്ളിൽ തീയാണ്. ഒരാഴ്ചമുമ്പ്‌ കൊയ്‌തെടുത്ത നെല്ലിൽ ഭൂരിഭാഗവും കയറ്റിപ്പോകാതെ മഴയിൽ കുതിരുമെന്ന ആധിയിലാണ് ഇവർ. സപ്ലൈകോയ്ക്ക് വേണ്ടി നെല്ലെടുക്കുന്ന സ്വകാര്യമില്ലുകാർ വിലകുറയ്ക്കുന്നതിനായി മുടന്തൻ ന്യായങ്ങൾ പറഞ്ഞ് നെല്ലുവാങ്ങൽ വൈകിപ്പിക്കുംതോറും ഇത്തവണ ലഭിച്ച ഭേദപ്പെട്ട വിളവും വെള്ളത്തിലാകുമോ എന്നതാണ് കർഷകരുടെ ആശങ്ക.

കൊയ്ത്തുകഴിഞ്ഞ നിലങ്ങളിൽനിന്ന് ഭാഗികമായി മാത്രമേ ഇതുവരെ നെല്ല് കൊണ്ടുപോയിട്ടുള്ളൂ. അന്തിക്കാട് കാഞ്ഞാംകോളിലേയും ചാഴൂർ കോവിലകംപടവിലെയും ടൺ കണക്കിന് നെല്ലാണ് പാടത്ത് കെട്ടിക്കിടക്കുന്നത്. നെല്ലിൽ ഈർപ്പം കൂടുതലാണെന്ന കാരണം പറഞ്ഞാണ് മില്ലുകാർ കർഷകരെ തഴയുന്നത്. പാടശേഖരസമിതിയിലുള്ള പടലപ്പിണക്കങ്ങളും നെല്ല് കെട്ടിക്കിടക്കുന്നതിന് കാരണമാകുന്നുവെന്ന് ഒരു വിഭാഗം കർഷകർക്ക് ആരോപണമുണ്ട്.

നെല്ലെടുക്കാത്ത മില്ലുടമകളുടെ നടപടിയിൽ കേരള കർഷകസംഘം അന്തിക്കാട് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. പ്രതിഷേധയോഗം എ.വി. ശ്രീവത്സൻ ഉദ്ഘാടനം ചെയ്തു. കെ.വി. രാജേഷ് അധ്യക്ഷനായി. മറ്റു പടവുകളിലെ നെല്ല് കൊണ്ടുപോകുന്നതുപോലെ അന്തിക്കാട് പടവിലെ മുഴുവൻ നെല്ലുമെടുക്കുന്നതിനുള്ള നടപടികളെടുക്കണമെന്നും ഇനിയും കാലതാമസമുണ്ടായാൽ സമരം തുടങ്ങുമെന്നും കർഷകസംഘം പ്രവർത്തകർ പറഞ്ഞു. കോൾപ്പാടത്ത് കെട്ടിക്കിടക്കുന്നത് ടൺകണക്കിന് നെല്ല്