മെഡിക്കൽ കോളേജ് : മാലിന്യ മുക്തമാക്കി സൂക്ഷിക്കേണ്ട ഗവ. മെഡിക്കൽ കോളേജ് ആശുപത്രി പരിസരം മാലിന്യ ക്കൂമ്പാരമായി മാറുന്നു.

പുറമേ നിന്നുള്ളവർ മാലിന്യം തള്ളിയാണ് മെഡിക്കൽ കോളേജിൽ മാലിന്യ ഭീഷണിയുയർത്തുന്നത്. റോഡരികിലും ആശുപത്രി പരിസരത്ത് ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിലുമെല്ലാം മാലിന്യം തള്ളുകയാണ്. ചാക്കുകളിൽ കെട്ടിയും അല്ലാതെയും മാലിന്യം തള്ളുന്നുണ്ട്. അത്യാഹിത വിഭാഗത്തിന് മുന്നിൽ റോഡരികിൽ മാലിന്യം തള്ളാനായി ഒരിടം തന്നെ ഉണ്ടാക്കിയിട്ടുണ്ട്.

പുതിയ അനക്സ് ഒ.പിയുടെ അരികിൽ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളും മാലിന്യക്കൂമ്പാരമായി, ദുർഗന്ധവുമുണ്ട്. കൂടാതെ തെരുവുനായ ശല്യവും രൂക്ഷമായി. മാലിന്യം തേടിയെത്തുന്ന തെരുവുനായ്ക്കൾ ഇവിടെ തന്നെ തങ്ങി രോഗികൾക്കും സന്ദർശകർക്കും ഭീഷണിയായി മാറുകയാണ്. രാത്രിയിലാണ് മാലിന്യം തള്ളുന്നതെന്നാണ് സൂചന. കാമ്പസിൽ ആവശ്യത്തിന് സുരക്ഷ ക്യാമറകളില്ലാത്തതിനാൽ മാലിന്യം തള്ളുന്നവരെ പിടികൂടാനാകുന്നില്ല.

മുൻപ് പലയിടത്തായി തള്ളിയിരുന്ന ആശുപത്രി മാലിന്യം ഒരു വർഷത്തിലേറെയായി വളമാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഇതിൽ നിന്നും ആശ്വാസം ലഭിച്ചു വരുന്നതിനിടെയാണ് പുറമേ നിന്നുള്ളവർ മെഡിക്കൽ കോളേജിന് മാലിന്യഭീഷണിയുയർത്തുന്നത്.

ജനങ്ങൾ സഹകരിക്കണം

ആശുപത്രി പരിസരത്ത് മാലിന്യം തള്ളാതിരിക്കാൻ പൊതുജനങ്ങൾ സഹകരിക്കണമെന്ന് ആശുപത്രി ആർ.എം.ഒ ഡോ. രന്ദീപ് പറഞ്ഞു. മാലിന്യം തള്ളുന്നത് പകർച്ചവ്യാധികൾ ക്ഷണിച്ചു വരുത്തുന്നതിന് ഇടയാക്കും. ചികിത്സ തേടിയെത്തുന്ന രോഗികൾക്ക് മറ്റു രോഗങ്ങൾ ബാധിക്കുന്നതിന് മാലിന്യം തള്ളൽ ഇടയാക്കും. മാലിന്യം തള്ളുന്നിടത്ത് സുരക്ഷ ക്യാമറകൾ സ്ഥാപിക്കാൻ ശ്രമിക്കും. സുരക്ഷ വിഭാഗത്തിന്റെ നിരീക്ഷണം കൂടുതൽ ശക്തമാക്കും.

ഡോ. രന്ദീപ്, ആശുപത്രി ആർ.എം.ഒ., മെഡിക്കൽ കോളേജ്. ജാഗ്രത പുലർത്തണം

മാലിന്യം തള്ളുന്നത് തടയാൻ മെഡിക്കൽ കോളേജ് ജാഗ്രത പുലർത്തണം. കച്ചവടസ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യമാണ് തള്ളുന്നത്. മാലിന്യം തള്ളുന്നത് മെഡിക്കൽ കോളേജ് കണ്ടില്ലെന്ന് നടിക്കുകയാണ്. രോഗിയുടെ കൂട്ടിരിപ്പുകാരനായിരുന്നപ്പോൾ വാഹനം എടുക്കുന്നതിനിടെ, മാലിന്യം ഭക്ഷിക്കുകയായിരുന്ന തെരുവുനായ ആക്രമിക്കാൻ ശ്രമിച്ചു.

വിക്രമൻ, ഒറയാംപുറത്ത്,

റിട്ട. പാരാമിലിട്ടറി ഉദ്യോഗസ്ഥൻ.