കുന്നംകുളം : ‘മൂന്നുമാസമായി ഞങ്ങൾ തിരഞ്ഞെടുപ്പ് ചുമതലകളുമായി ഓടിനടക്കുന്നു. വയ്യാതായിട്ടും വീടുകളിൽ കയറിയിറങ്ങി സ്ലിപ് നൽകി. തപാൽവോട്ടുകൾക്ക് വഴികാട്ടിയായി. വോട്ടെടുപ്പുദിവസം ബൂത്തുകളിലിരുന്ന് ജോലിചെയ്തു. സാനിറ്റൈസർ നൽകാൻ വന്നവർക്ക് 650 രൂപ കൊടുത്തു. ഞങ്ങൾക്ക് എന്തെങ്കിലും തരേണ്ടതായിരുന്നില്ലേ...’ -ഹൃദയവേദനയോടെയാണ് ബി.എൽ.ഒ.മാരുടെ സങ്കടം പറച്ചിൽ.

തിരഞ്ഞെടുപ്പിന്റെ പേരിൽ ഓരോ ജില്ലയിലും കോടികൾ ചെലവഴിക്കുമ്പോൾ ഏറ്റവും താഴത്തട്ടിലുള്ള ഈ വിഭാഗത്തിന് അവഗണന മാത്രമാണ് വിധി. ചൊവ്വാഴ്‌ച വോട്ടെടുപ്പ് പൂർത്തിയായപ്പോഴാണ് ഇവർക്ക് ഏറെ മാനസികവേദന അനുഭവിക്കേണ്ടിവന്നത്. തിരഞ്ഞെടുപ്പ് ചുമതലകൾക്കു വന്ന എല്ലാവർക്കും തിരിച്ചുപോകുമ്പോൾ പണം കൈമാറി. ബി.എൽ.ഒ.മാർക്ക് 650 രൂപ നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ, ഇത് പോളിങ് ബൂത്തിൽ കൈമാറാനാകില്ല. ഈ തുക പിന്നീട് അക്കൗണ്ടിലേക്ക് നൽകുന്നതാണ് രീതി. അർഹമായ പണം എന്നു വരുമെന്നതിന് നിശ്ചയമൊന്നുമില്ലെന്ന് ബി.എൽ.ഒ.മാർ പറഞ്ഞു. പ്രതിവർഷം 6,000 രൂപയും ഫോൺ ഉപയോഗിക്കുന്നതിനുള്ള 1,200 രൂപയും മാർച്ചിൽ ലഭിക്കേണ്ടതാണ്. ഇതും അക്കൗണ്ടുകളിലെത്തിയിട്ടില്ല.

സാമ്പത്തികവർഷം കഴിഞ്ഞ് ആറുമാസം പിന്നിട്ടാലാണ് ഇത് ലഭിക്കാറുള്ളത്. സ്ലിപ് വിതരണത്തിന് 550 രൂപയാണ് നൽകാറുള്ളത്. ഈ തിരഞ്ഞെടുപ്പിൽ ആ തുക നൽകാനുള്ള ഉത്തരവ് വന്നിട്ടില്ല. പോളിങ് സ്റ്റേഷനുകളിൽ ഉദ്യോഗസ്ഥരെ എത്തിക്കുന്നവർക്ക് 500 രൂപയും 250 രൂപ ഭക്ഷണത്തിനുമുണ്ട്. 80 വയസ്സിന് മുകളിലുള്ളവരുടെ തപാൽവോട്ട് രേഖപ്പെടുത്താൻ വഴികാട്ടികളായി പോയ ബി.എൽ.ഒ.മാർക്ക് പണം നൽകുന്നതിൽ തീരുമാനമായിട്ടില്ല.

തപാൽവോട്ടിന് കൂടെ ചെന്നതിന് എവിടെയും രേഖപ്പെടുത്തൽ ഉണ്ടായിട്ടില്ലെന്നും ബി.എൽ.ഒ.മാർ പരാതിപ്പെട്ടു. വോട്ടെടുപ്പ് കഴിയുമ്പോൾ മറ്റുള്ളവർക്കെല്ലാം കൃത്യമായി പ്രതിഫലം നൽകുകയും ബി.എൽ.ഒ.മാരെ വെറുംകൈയോടെ പറഞ്ഞയയ്ക്കുകയും ചെയ്യുന്നതിലാണ് പരിഭവം.

വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതുമുതൽ ഇവരുടെ ചുമതലകൾ തുടങ്ങും. സർക്കാർ ജീവനക്കാരും സ്‌കൂൾ അധ്യാപകരും വിട്ടുപോയതോടെ അങ്കണവാടി വർക്കർമാരാണ് ഇപ്പോൾ ബി.എൽ.ഒ.മാരായി കൂടുതലുള്ളത്. വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിച്ചവരുടെ വിവരങ്ങൾ വില്ലേജ് ഓഫീസിൽ ചെന്ന് വാങ്ങിക്കണം. പരിശോധിച്ച് സാക്ഷ്യപ്പെടുത്തി 24 മണിക്കൂറിനുള്ളിൽ തിരിച്ചുനൽകണമെന്ന രീതിയിലാണ് പലപ്പോഴും കൈയിൽ കിട്ടുക. ഒട്ടേറെ അപേക്ഷകളുമുണ്ടാകും.

അപേക്ഷകരുടെ വീടുകളിൽ ചെന്നാൽ യഥാർഥരേഖകളുടെ പകർപ്പുകളുണ്ടാകില്ല. സ്വന്തം കൈയിൽനിന്ന് പൈസയെടുത്ത് പകർപ്പെടുത്ത് സാക്ഷ്യപ്പെടുത്തി തിരിച്ചേൽപ്പിക്കണം. മറ്റു ജോലികൾക്കിടയിലാകും ഇതും ചെയ്യേണ്ടിവരുക. പരാതികളുയർന്നാൽ എല്ലാം ബി.എൽ.ഒ.മാരുടെ പേരിലാകും. നേരത്തേ തിരിച്ചറിയൽ കാർഡുണ്ടായിരുന്നവർ നൽകാതിരുന്നതും പലവട്ടം അപേക്ഷിച്ചതുമൊന്നും എവിടെയുമുണ്ടാകില്ല.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് പരിഗണനയൊന്നും ലഭിക്കാത്തതിനാൽ എങ്ങനെയെങ്കിലും ഈ പണിയിൽനിന്ന് ഒഴിവാക്കിക്കിട്ടിയാൽ മതിയെന്ന ചിന്തയിലാണ് ജില്ലയിലെ ഭൂരിഭാഗം ബി.എൽ.ഒ.മാരും.