തൃശ്ശൂർ : വ്യാഴാഴ്‌ച ആരംഭിക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് ജില്ല ഒരുങ്ങി. പരീക്ഷയെഴുതുന്നത് 35,397 വിദ്യാർഥികൾ. 18,162 ആൺകുട്ടികളും 17,235 പെൺകുട്ടികളും ഇവരിലുൾപ്പെടുന്നു. 195 പരീക്ഷാകേന്ദ്രങ്ങളിലായി 38,812 വിദ്യാർഥികൾ പ്ലസ്ടു പരീക്ഷയുമെഴുതും. 19,915 ആൺകുട്ടികളും 18,897 പെൺകുട്ടികളുമാണ് പ്ലസ്ടുവിന് പരീക്ഷയെഴുതുന്നത്.

എസ്.എസ്.എൽ.സി. പരീക്ഷ നടക്കുന്ന സ്‌കൂളുകൾ അണുവിമുക്തമാക്കി. തിരഞ്ഞെടുപ്പ് ബൂത്തുകളാക്കി മാറ്റിയിരുന്ന സ്‌കൂളുകളും പ്രത്യേകം സജ്ജീകരിച്ചു. പനിയോ ഊഷ്‌മാവിൽ വ്യതിയാനമോ അനുഭവപ്പെടുന്ന വിദ്യാർഥികൾക്ക് പരീക്ഷയെഴുതാനായി പ്രത്യേക മുറികൾ ഒരുക്കിയിട്ടുണ്ട്.

അണുവിമുക്തമാക്കാൻ സാനിറ്റൈസറുകൾ സ്ഥാപിച്ചു. അതേസമയം അധ്യാപകരിൽ ഭൂരിപക്ഷവും തിരഞ്ഞെടുപ്പുജോലിക്കു തൊട്ടുപിന്നാലെയാണ് പരീക്ഷാച്ചുമതലകൾക്കെത്തുന്നത്.

ഒരു ബെഞ്ചിൽ രണ്ട്‌ കുട്ടികൾ എന്ന രീതിയിൽ പരീക്ഷാഹാളിൽ 20 കുട്ടികളെയാണ് പ്രവേശിപ്പിക്കുക. എട്ടുമുതൽ 29 വരെ വിവിധ ദിവസങ്ങളിലായാണ് പരീക്ഷകൾ. പ്ലസ്ടുക്കാർക്ക് രാവിലെയാണ് പരീക്ഷ. എട്ട്, ഒമ്പത്, 12 തീയതികളിലെ എസ്.എസ്.എൽ.സി. പരീക്ഷകൾ ഉച്ചയ്ക്കുശേഷവും 15 മുതൽ 29 വരെയുള്ളത് രാവിലെയുമാണ്.