ഗുരുവായൂർ : തിരുവെങ്കിടാചലപതിക്ഷേത്രത്തിന്റെ ശ്രീകോവിൽ ചുമർച്ചിത്രങ്ങളുടെ വർണമിഴിവിൽ. അടുത്തിടെ ചെമ്പോല പൊതിഞ്ഞ് മനോഹരമാക്കിയ ശ്രീകോവിലിനാണ് ചുമർചിത്രങ്ങൾ അലങ്കാരമായത്. ഇതിന്റെ നേത്രോന്മീലനം വ്യാഴാഴ്ച രാവിലെ ഒമ്പതരയ്ക്ക് നടക്കും. ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് ചിത്രങ്ങളുടെ മിഴിതുറക്കും. ഗുരുവായൂർ ദേവസ്വം ചുമർചിത്രപഠനകേന്ദ്രത്തിലെ പത്ത്‌ വിദ്യാർഥികൾ രണ്ടുമാസമെടുത്താണ് ചിത്രങ്ങൾ പൂർത്തിയാക്കിയത്.

ശൈവ വൈഷ്ണവ ദേവീ സങ്കല്പങ്ങളാണ് ചിത്രങ്ങൾക്ക്‌ പ്രമേയം. തിരുവെങ്കിടാചലപതിയെ പ്രത്യേകമായി വരച്ചിട്ടുമുണ്ട്. ശ്രീകോവിലിന്റെ നാല്‌ ഭിത്തികളിലുമായി കൃഷ്ണലീലകളും ദേവീദേവൻമാരുടെ ചിത്രങ്ങളും ഇടംപിടിച്ചിരിക്കുന്നു. പഠനകേന്ദ്രത്തിലെ അവസാനവർഷ വിദ്യാർഥികളുടെ പരിശീലനപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ചിത്രരചന പൂർത്തിയാക്കിയത്.

ചുമർചിത്രപഠനകേന്ദ്രം പ്രിൻസിപ്പൽ കെ.യു. കൃഷ്ണകുമാറും വൈസ് പ്രിൻസിപ്പൽ എം. നളിൻബാബുവും ചേർന്നാണ് രൂപകല്പന. ക്ഷേത്രം ഭാരവാഹികളായ ശശി വാറണാട്ട്, പ്രഭാകരൻ മണ്ണൂർ, സേതു തിരുവെങ്കിടം, ബാലൻ വാറണാട്ട്, ശിവൻ കണിച്ചാടത്ത് തുടങ്ങിയവർ ചുമർച്ചിത്രരചനയ്ക്ക് സൗകര്യങ്ങൾ ഏർപ്പെടുത്തി.