തൃപ്രയാർ : ആരോടും പറയാതെ കഥയെഴുതിയ അനീഷ അഷ്‌റഫിന് ലഭിച്ചത് ഒന്നാംസമ്മാനം. ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ സാമൂഹികനീതി വകുപ്പ് ഓൺലൈനായി നടത്തിയ കഥാരചനാ മത്സരത്തിലാണ് തളിക്കുളം പണിക്കവീട്ടിൽ അഷ്‌റഫിന്റേയും ഫാത്തിമയുടേയും മകൾ അനീഷ ഒന്നാം സമ്മാനം നേടിയത്. സമ്മാനം കിട്ടിയപ്പോഴാണ് മകൾ കഥയെഴുതിയ കാര്യം മാതാപിതാക്കൾ അറിയുന്നത്.

എട്ട് വയസ്സുള്ളപ്പോൾ സ്‌പൈനൽ മസ്‌കുലാർ ഡിസ്‌ട്രോഫി ബാധിച്ചതിനെത്തുടർന്ന് നടക്കാൻ കഴിയില്ല അനീഷയ്ക്ക്. അനീഷ അഷ്‌റഫിനെ 12-ാം വാർഡ് കോൺഗ്രസ് കമ്മിറ്റി വീട്ടിലെത്തി അഭിനന്ദിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.എ. അബ്ദുൾ ഗഫൂർ അനുമോദനയോഗം ഉദ്ഘാടനം ചെയ്തു. സജു ഹരിദാസ്, പി.എസ്. സുൽഫിക്കർ, രാമചന്ദ്രൻ പണ്ടാരെ, ഷീജ രാമചന്ദ്രൻ, സീനത്ത് അഷ്‌റഫ് എന്നിവർ പങ്കെടുത്തു. അനീഷയുടെ സഹോദരൻ സ്‌പൈനൽ മസ്‌കുലാർ ഡിസ്‌ട്രോഫി ബാധിച്ച് രണ്ടുവർഷം മുമ്പ് മരിച്ചിരുന്നു.