തൃശ്ശൂർ : ജില്ലയിൽ തിങ്കളാഴ്ച 262 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു; 598 പേർ രോഗമുക്തരായി. ജില്ലയിൽ ചികിത്സയിൽ കഴിയുന്നവർ 4,035. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,44,039.

ജില്ലയിൽ തിങ്കളാഴ്ച സമ്പർക്കംവഴി 256 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ ആരോഗ്യപ്രവർത്തകരായ രണ്ടുപേർക്കും ഉറവിടം അറിയാത്ത നാലുപേർക്കും രോഗബാധ ഉണ്ടായി.

അഴീക്കോട് ഡിവിഷൻ ഉപതിരഞ്ഞെടുപ്പ്; ഒരുക്കങ്ങൾ പൂർത്തിയായി

കൊടുങ്ങല്ലൂർ : മതിലകം ബ്ലോക്ക് പഞ്ചായത്തിലെ അഴീക്കോട് ഡിവിഷനിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ചൊവ്വാഴ്‌ച രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെ വോട്ടെടുപ്പ് നടക്കും. ബുധനാഴ്‌ച രാവിലെ 10-ന് വോട്ടെണ്ണൽ ആരംഭിക്കും.

എറിയാട് പഞ്ചായത്തിലെ 14 മുതൽ 22 വരെയുള്ള വാർഡുകൾ ഉൾപ്പെടുന്ന ഡിവിഷനിൽ 7048 സ്ത്രീകളും 6347 പുരുഷന്മാരുമടക്കം 13,395 വോട്ടർമാരാണുള്ളത്. 18 ബൂത്തുകളിലാണ് വോട്ടെടുപ്പ്‌. ഓരോ ബൂത്തിലേക്കും അഞ്ച് പോളിങ് ഉദ്യോഗസ്ഥരെയും ഒരു പോലീസ് ഉദ്യോഗസ്ഥനെയും നിയോഗിച്ചിട്ടുണ്ട്.

തിങ്കളാഴ്ച 12 മണിയോടെ മതിലകം സെയ്‌ന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലെ വോട്ടെണ്ണൽകേന്ദ്രത്തിൽനിന്ന്‌ പോളിങ് സാമഗ്രികളുമായി ഉദ്യോഗസ്ഥർ അതത് ബൂത്തുകളിലെത്തി വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. വോട്ടെടുപ്പ് നടക്കുന്ന ബൂത്തുകളുമായി ബന്ധിപ്പിച്ച് പോലീസ് പട്രോൾ ഏർപ്പെടുത്തി. ബൂത്തുകൾക്കു മുന്നിൽ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. പ്രശ്‌നബാധിത ബൂത്തുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

സി.പി.എം. അംഗമായ ഷായി അയ്യാരിലിന്റെ മരണത്തെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്. സി.പി.എം. സ്ഥാനാർഥി നൗഷാദ് കറുകപ്പാടത്ത്, കോൺഗ്രസ് സ്ഥാനാർഥി പി.കെ. ചന്ദ്രബാബു, ബി.ജെ.പി. സ്ഥാനാർഥി സോമൻ എടമുട്ടം എന്നിവർ തമ്മിലാണ് മത്സരം.

ഇരിങ്ങാലക്കുട ഉപതിരഞ്ഞെടുപ്പ് ഇന്ന്

ഇരിങ്ങാലക്കുട : നഗരസഭയിലെ 18-ാം ഡിവിഷൻ ചാലാംപാടം ഉപതിരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കും. രാവിലെ ഏഴ്‌ മുതൽ വൈകീട്ട് ആറുവരെ ഇരിങ്ങാലക്കുട ഡോൺബോസ്‌കോ സ്കൂളിലാണ് വോട്ടെടുപ്പ്.

വൈകീട്ട് അഞ്ച്‌ മുതൽ ആറുവരെ കോവിഡ് രോഗികളുമായി ബന്ധപ്പെട്ടവർക്കായിരിക്കും വോട്ട്‌ രേഖപ്പെടുത്താനുള്ള അവസരം. 1186 പേരാണ് ഡിവിഷനിൽ വോട്ടർമാർ. വോട്ടെടുപ്പിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി അധികൃതർ പറഞ്ഞു. കൗൺസിലറായിരുന്ന ജോസ് ചാക്കോള കോവിഡ് ബാധിച്ച് മരിച്ചതിനെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. യു.ഡി.എഫ്. സ്ഥാനാർഥിയായി മിനി ജോസ് ചാക്കോള, എൽ.ഡി.എഫ്. സ്ഥാനാർഥിയായി അഖിൽരാജ് ആന്റണി, ബി.ജെ.പി. സ്ഥാനാർഥിയായി ജോർജ് ആളൂക്കാരൻ എന്നിവരാണ് രംഗത്തുള്ളത്.

മതസൗഹാർദ സമ്മേളനം

ചേലൂർ : ഇടവക പുനർനിർമിച്ച ദേവാലയത്തിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മതസൗഹാർദ സമ്മേളനവും നേതൃസംഗമവും നടത്തി. സനീഷ്‌കുമാർ ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്‌തു. ഫാ. ജിജി കുന്നേൽ, ഭരതൻ കണ്ടേങ്കാട്ടിൽ, അയ്യപ്പൻ പണിക്കവീട്ടിൽ, ഫാ. ടൈറ്റസ് കാട്ടുപറമ്പിൽ, ബാബു പുത്തൻവീട്ടിൽ, ഫ്രാൻസിസ് കുളങ്ങര എന്നിവർ പ്രസംഗിച്ചു.