ചേർപ്പ് : ഒരു കണ്ണ് നഷ്ടപ്പെട്ട ആൾക്കൊപ്പം പെരുമ്പിള്ളിശ്ശേരി മേഖലയിൽ പിരിവ് നടത്തിയ ചിയ്യാരം സ്വദേശികളായ നാലുപേരിൽ രണ്ടുപേരെ ചേർപ്പ് പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലായിരുന്ന സംഘം ഓട്ടോയിലാണ് പിരിവിനെത്തിയത്. ഇവരിൽ രണ്ടുപേർ ഓട്ടോയിൽ സ്ഥലംവിട്ടു.

ഞായറാഴ്ച രാവിലെ കീഴില്ലം നഗർ, കാവിൽപാടം റോഡ് എന്നിവിടങ്ങളിലെ വീടുകളിലാണ് ഓട്ടോ ഡ്രൈവർമാർ എന്ന വ്യാജേന ഇവർ പിരിവ് നടത്തിയത്. സംഘത്തിലെ ഒരാളുടെ കണ്ണിൽ കൃത്രിമക്കണ്ണ് ഘടിപ്പിച്ചത് ഊരിമാറ്റി കണ്ണ് നഷ്ടപ്പെട്ടത് പ്രദർശിപ്പിച്ച് വീട്ടുകാരിൽ സഹതാപം ഉണ്ടാക്കിയായിരുന്നു പിരിവ്.

ഡ്രൈവർമാർ രണ്ടായിരംരൂപ വീതം എടുക്കുന്നുവെന്നും ഓരോ വീട്ടുകാരും അഞ്ഞൂറ്, ആയിരം എന്നിങ്ങനെയാണ് തരേണ്ടതെന്നും പറഞ്ഞായിരുന്നു പിരിവ്. മറ്റ് വീട്ടുകാർ തന്നു എന്ന് തെറ്റിദ്ധരിപ്പിച്ചാണ് അവർ പണപ്പിരിവ് നടത്തിയത്.

കണ്ടുപരിചയമില്ലാത്ത ആളുകളും, മദ്യപിച്ചനിലയിലുള്ള ഇവരുടെ പെരുമാറ്റവും കണ്ട് ‌നാട്ടുകാർക്ക് സംശയം തോന്നി. പ്രദേശത്തെ ഓട്ടോ ഡ്രൈവർമാരെ വിളിച്ച് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്. സാമൂഹികമാധ്യമംവഴി നാട്ടുകാർ വിവരം പങ്കുവെച്ചു. ഇൻഡിപെൻഡൻസ് റസിഡന്റ്‌ അസോസിയേഷൻ പ്രസിഡന്റ്‌ സി.എൻ. പ്രേംഭാസിയുടെ നേതൃത്വത്തിൽ ഇവരെ തടഞ്ഞ് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

ഓട്ടോയിൽ സ്ഥലംവിട്ട മറ്റ് രണ്ടുപേരുടെ വീടുകളിൽ പോലീസ് പോയെങ്കിലും അവർ ഒളിവിൽ പോയതായി ചേർപ്പ് ഇൻസ്പെക്ടർ ടി.വി. ഷിബു പറഞ്ഞു.