പേരാമംഗലം : മുണ്ടൂർ - പോന്നോർ വഴിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന ദമ്പതിമാർ മുന്നിൽനിന്ന് പുക ഉയരുന്നതുകണ്ട് കാറ് നിർത്തി ഇറങ്ങിയതിനാൽ അപകടം ഒഴിവായി.

മുണ്ടൂർ പുറ്റേക്കര സ്വദേശി തരകൻ വീട്ടിൽ സുഭാഷ് (55), ഭാര്യ മരിയ എന്നിവരാണ് കാറിലുണ്ടായിരുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു അപകടം. മുണ്ടൂരിൽനിന്ന് പോന്നോർ ഭാഗത്തേക്ക്‌ പോയിരുന്ന കാറിനാണ് തീപിടിച്ചത്. മുണ്ടൂർ ശ്രീരാം മോട്ടോഴ്സിന് സമീപമായിരുന്നു അപകടം. തൃശ്ശൂരിൽനിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. അപകടത്തിൽ കാറ് ഏതാണ്ട് കത്തിനശിച്ചു. കാറിന്റെ എൻജിന്റെ ഭാഗത്തുനിന്നാണ് തീ ഉയർന്നത്.

കാറിന്റെ ബാറ്ററി ഷോർട്ട്‌ സർക്യൂട്ട്‌ ആയതാവാം തീപ്പിടിത്തത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പേരാമംഗലം പോലീസും സംഭവസ്ഥലത്തെത്തിയിരുന്നു. തൃശ്ശൂർ ഫയർ സ്റ്റേഷനിലെ അസി. സ്റ്റേഷൻ ഓഫീസർ ഡി. ബലറാം ബാബുവിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാ സേനാംഗങ്ങളാണ് തീയണച്ചത്.