തൃശ്ശൂർ : ആറു കിലോമീറ്റർ ടാർ ഇടാനായി പൂർണമായും നിർത്തിവെക്കുന്നത് അമ്പതിലധികം ബസുകളും മറ്റു വാഹനങ്ങളും ഓടുന്ന വഴിയിലെ ഗതാഗതം. ബദൽവഴിയായി അധികൃതർ കണ്ടെത്തിയിരിക്കുന്നത് നടുവൊടിക്കുന്ന വഴിയും. തൃശ്ശൂർ-വാടാനപ്പള്ളി സംസ്ഥാനപാതയിലെ എറവ് ടി.എഫ്.എം. സ്കൂൾവളവ് മുതൽ വാടാനപ്പള്ളി സെന്റർ വരെയുള്ള ആറു കിലോമീറ്ററിലെ ടാറിടലാണ് തിങ്കളാഴ്ച തുടങ്ങുന്നത്. പണികൾ കഴിയുന്നതുവരെ ബദൽമാർഗമായി തൃപ്രയാർ-ചേർപ്പ്-തൃശ്ശൂർ റൂട്ട് ആശ്രയിക്കണമെന്നാണ് നിർദേശം.

നടത്തുന്നത് ബി.എം.ബി.സി.

ബിറ്റുമിൻ മെക്കാഡം ആൻഡ് ബിറ്റുമിൻ കോൺക്രീറ്റിങ്ങാണ് എറവ് മുതൽ വാടാനപ്പള്ളി സെന്റർ വരെ ചെയ്യുന്നത്. നിലവിലെ റോഡ് വീതികൂട്ടുകയല്ല, അറ്റകുറ്റപ്പണികൾ നടത്തി ഗതാഗതയോഗ്യമാക്കുന്ന ജോലികളാണ് തുടങ്ങുന്നത്. റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് മുൻ കെ.പി.സി.സി. സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് ഹൈക്കോടതിയിൽ നൽകിയ കേസിനെത്തുടർന്നാണ് കഴിഞ്ഞ മാർച്ച് 31-നകം നിർമാണം പൂർത്തിയാക്കണമെന്ന് വിധി വന്നത്. മഴ കാരണം പണികൾ പിന്നെയും നീണ്ടു. ഡിസംബർ 31-നകം പണികൾ പൂർത്തിയാക്കാനാണ് ഇപ്പോൾ ഉദ്ദേശിക്കുന്നത്.

നടുവൊടിക്കും ബദൽറോഡുകൾ

കാഞ്ഞാണി-പെരിങ്ങോട്ടുകര റോഡ് തകർന്നുകിടക്കുകയാണ്. ഇവിടെനിന്നുവേണം ചേർപ്പിലേയ്ക്ക് കടക്കാൻ. താന്ന്യം മുതൽ പഴുവിൽ ശ്രീഗോകുലം സ്കൂൾ വരെയുള്ള റോഡിന്റെയും അവസ്ഥ വ്യത്യസ്തമല്ല. മൂന്നുവർഷമായി രണ്ടു കിലോമീറ്ററോളമുള്ള റോഡ് തകർന്നുകിടക്കുകയാണ്. അമൃത് കുടിവെള്ളപദ്ധതിയ്ക്ക് പൈപ്പിടുന്നതിനായി പല ഘട്ടങ്ങളിലായി പൊളിച്ച കുഴികൾ ഇപ്പോഴും മൂടാതെ കിടക്കുന്നുണ്ട്.

ചേർപ്പ് പടിഞ്ഞാട്ടുമുറി ഭാഗത്ത് കലുങ്കുനിർമാണം നടക്കുകയാണ്. ചെറിയ വഴികളിലൂടെയാണിപ്പോൾ വാഹനങ്ങൾ വിടുന്നത്.

ഏതാനും ദിവസം മുമ്പ് ടോറസ് വാഹനം റോഡിൽ താഴ്ന്ന് കുരുക്കുണ്ടായത് മുക്കാൽ മണിക്കൂറാണ്. പാലിയേക്കരയിലെ ടോൾ ഒഴിവാക്കാൻ ഭാരവാഹനങ്ങൾ ഇതുവഴി ഊരകം കടന്ന് പുതുക്കാട്ട് കയറുന്നുമുണ്ട്.

കലുങ്കുനിർമാണം തുടങ്ങിയതോടെ തൃശ്ശൂർ-ചേർപ്പ്-തൃപ്രയാർ വഴി ടോറസ് ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.

തൃശ്ശൂരെത്താൻ 30 കിലോമീറ്റർ

കാഞ്ഞാണിയിൽനിന്ന് തൃശ്ശൂരിലേക്ക് 13 കിലോമീറ്ററാണ്. ടാറിടൽ തീരുന്നതുവരെ മുപ്പതു കിലോമീറ്ററിനടുത്ത് വളഞ്ഞുവേണം തൃശ്ശൂരിലെത്താൻ. കാഞ്ഞാണിയിൽനിന്ന് പെരിങ്ങോട്ടുകരയിലെത്താൻ എട്ടു കിലോമീറ്റർ വേണം. അവിടെനിന്ന് ചേർപ്പ് വഴി തൃശ്ശൂരിലെത്തുമ്പോഴേയ്ക്കും 30 കിലോമീറ്ററിനടുത്താവും. വാടാനപ്പള്ളി, ചേറ്റുവ, വെങ്കിടങ്ങ്, പെരിങ്ങോട്ടുകര, കണ്ടശ്ശാംകടവ്, തളിക്കുളം തുടങ്ങിയ പ്രദേശങ്ങളിലുള്ളവരെല്ലാം ആശ്രയിക്കുന്നത് ഈ റൂട്ടാണ്. ഏനാമാക്കൽ, അന്തിക്കാട്, പെരിങ്ങോട്ടുകര ഭാഗങ്ങളിലേയ്ക്കും ഒളരിക്കര മുതൽ എറവ് വരെയടക്കമുള്ള 15 കിലോമീറ്റർ ഗതാഗതമാണ് തടസ്സപ്പെടുക.