കൊടുങ്ങല്ലൂർ : കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് ബോട്ടുകൾക്കും വള്ളങ്ങൾക്കും ചെറുവഞ്ചികൾക്കും കടലിലിറങ്ങാൻ കഴിയുന്നില്ല. അവസരം മുതലെടുത്ത് ഇതരസംസ്ഥാനങ്ങളിൽ നിന്നും മറ്റുജില്ലകളിൽ നിന്നുമുള്ള മീൻ വണ്ടികൾ തീരദേശത്ത് തമ്പടിക്കുന്നു.
തീരദേശത്തെ മീൻ വിൽപ്പന കേന്ദ്രങ്ങളിൽ മീനുകൾക്ക് യാതൊരു കുറവുമില്ല. പുലർച്ചെ എത്തുന്ന വാഹനങ്ങളിൽ മാസങ്ങൾ പഴക്കമുള്ള ചാള, വങ്കട, അയല തുടങ്ങിയ മീനുകളാണ് ഇപ്പോൾ ലഭിക്കുന്നത്. വലുപ്പത്തിൽ കുറഞ്ഞ ചാളയും അയല കുഞ്ഞുങ്ങളും വങ്കടയും വൻതോതിലാണ് തീരദേശത്ത് വിൽപ്പനയ്ക്കായി എത്തുന്നത്. ഇത്തരം മീനുകൾ എവിടെ നിന്ന് വരുന്നുവെന്ന് ഫിഷറീസ് അധികൃതർക്കോ പോലീസിനോ കൃത്യമായ വിവരമില്ല.
ജനപ്രതിനിധികളും മറ്റും വിളിച്ചുപറയുമ്പോഴാണ് അധികൃതരെത്തി നടപടി സ്വീകരിക്കുന്നത്. ഇതരസംസ്ഥാനങ്ങളിൽ നിന്നും മറ്റു ജില്ലകളിൽ നിന്നുമുള്ള മീനുകൾ ജില്ലയിൽ വിൽപ്പന നടത്തുന്നത് കുറ്റകരമാണെന്ന് ജില്ലാകളക്ടറുടെ ഉത്തരവ് നിലനിൽക്കുമ്പോഴാണ് വ്യാപകമായ തോതിൽ മാസങ്ങൾ പഴക്കമുള്ള മീനുകൾ വിൽപ്പനയ്ക്കെത്തുന്നത്.
52 ദിവസത്തെ ആഴക്കടൽ മീൻപിടിത്ത നിരോധനം പൂർത്തിയായി ബോട്ടുകൾ കടലിൽ പോകാൻ ഒരുങ്ങിയപ്പോഴാണ് സംസ്ഥാനത്തെ ഹാർബറുകളും മീൻപിടിത്ത കേന്ദ്രങ്ങളും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ചുപൂട്ടിയത്. ഹാർബറുകളും മറ്റും തുറന്നുവെങ്കിലും പിന്നാലെ വന്ന കാലാവസ്ഥാ മുന്നറിയിപ്പ് വീണ്ടും കടലോരത്തെ പ്രതിസന്ധിയിലാക്കി.
ഇതോടെ വള്ളങ്ങൾക്കും ചെറുവള്ളങ്ങൾക്കും കടലിൽ പോകാൻ കഴിയാത്ത നിലയിലായി. വ്യാഴാഴ്ച വരെയാണ് കാലാവസ്ഥാ മുന്നറിയിപ്പ് നിലവിലുള്ളത്. മറ്റു അറിയിപ്പുകളില്ലെങ്കിൽ അന്നേദിവസം മുഴുവൻ മത്സ്യബന്ധന യാനങ്ങളും കടലിലിറങ്ങാനുള്ള തയ്യാറെടുപ്പിലാണ്.