: രണ്ടുതവണയായി ഘടകകക്ഷിയെ പരീക്ഷിച്ചിട്ടും പച്ചതൊടാത്ത കുന്നംകുളം കോൺഗ്രസ് ഇത്തവണ ഏറ്റെടുത്തതുതന്നെ ജയം ഉറപ്പാക്കാനാണ്. എന്നാൽ, എ.സി. മൊയ്തീൻ എന്ന മന്ത്രിയുടെ വികസനത്തുടർച്ചയിലുള്ള വോട്ടർമാരുടെ പ്രതീക്ഷയിൽത്തട്ടി കോൺഗ്രസിന്റെ പ്രതീക്ഷകളെല്ലാം തകർന്നു. ജയശങ്കറെ സ്ഥാനാർഥിയാക്കിയത് അണികൾ നന്നായി സ്വീകരിക്കുകയും ചെയ്തു.

കുന്നംകുളം നഗരസഭാ തിരഞ്ഞെടുപ്പിൽ തുടർച്ചയായി കാണുന്ന വിഭാഗീയത ഈ തിരഞ്ഞെടുപ്പിലെ ഒരു ഘട്ടത്തിലും ഉണ്ടായില്ലെന്നതും യു.ഡി.എഫിന്റെ ആത്മവിശ്വാസമേറ്റി. മണ്ഡലം തിരിച്ചുപിടിക്കുമെന്ന് യു.ഡി.എഫ്. ഉറച്ച് വിശ്വസിച്ചു. ഒരു ഘട്ടത്തിൽ എൽ.ഡി.എഫ്. അട്ടിമറി ഭയക്കുകയും ചെയ്തിരുന്നു. അതിനനുസരിച്ച് മുന്നണി പ്രവർത്തനം ശക്തിപ്പെടുത്തി.

വോട്ടെണ്ണൽ വേളയിൽ ഏറെ പ്രതീക്ഷയർപ്പിച്ച കാട്ടകാമ്പാലിൽ പിറകോട്ടുപോകുന്ന വിവരം പുറത്തായപ്പോൾത്തന്നെ യു.ഡി.എഫ്. ക്യാമ്പുകൾ നിശ്ശബ്ദമായിത്തുടങ്ങി. പിന്നീടൊരു ഘട്ടത്തിലും മുന്നോട്ടുവരാൻ ജയശങ്കറിനായില്ല. കാട്ടകാമ്പാലിലെ സ്വന്തം ബൂത്തിൽപ്പോലും അദ്ദേഹത്തിന് ഭൂരിപക്ഷം നേടാനായില്ല. ഒടുവിൽ എരുമപ്പെട്ടി, വേലൂർ മേഖലകളിലെത്തിയപ്പോഴേയ്ക്കും എ.സി. മൊയ്തീൻ ഏറെ മുന്നേറിക്കഴിഞ്ഞിരുന്നു. ഒടുവിൽ 2016-ലെ മൊയ്തീന്റെ നാലക്കഭൂരിപക്ഷം അഞ്ചക്കത്തിലേയ്ക്ക് കടന്നു. ഇത്തവണ മൊയ്തീന് അധികമായി കിട്ടിയത് 12,258 വോട്ട്. കെ. ജയശങ്കറിന് കഴിഞ്ഞ വർഷത്തെ യു.ഡി.എഫ്. സ്ഥാനാർഥി സി.പി. ജോണിനെക്കാൾ 6,591 വോട്ട് കുറഞ്ഞു.

2016-ൽ എൻ.ഡി.എ. സ്ഥാനാർഥി കെ.കെ. അനീഷ്‌കുമാറിന് ലഭിച്ച 29,325 വോട്ടിൽ ഇത്തവണയുണ്ടായ കുറവും ശ്രദ്ധേയമാണ്. 1,492 വോട്ടാണ് അനീഷിന് നഷ്ടമായത്. അപരന്മാരായ രണ്ട് മൊയ്തീന്മാരടക്കം സ്വതന്ത്രർ 2,006 വോട്ട് സ്വന്തമാക്കിയപ്പോൾ നോട്ടയ്ക്ക് കുത്തിയവർ 559 ആണ്. കഴിഞ്ഞതവണ നോട്ടയ്ക്ക് കിട്ടിയത് 653 വോട്ടാണ്.