വാഴച്ചാൽ : സംസ്ഥാനപാതയായ ആനമല റോഡിൽ വാഴച്ചാൽ ഇരുമ്പുപാലത്തിന് ഭീഷണിയായ മരം പൂർണമായും വെട്ടിമാറ്റിയില്ലെന്ന് പരാതി. മരത്തിന്റെ കടഭാഗം വെട്ടാത്തതിനാൽ മരം ഇനിയും വളരാൻ സാധ്യതയുണ്ട്. ബ്രിട്ടീഷുകാരുടെ കാലത്തെ നിർമിതിയായ പാലം ചരിത്രസ്മാരകമായി സംരക്ഷിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

പാലത്തിന്റെ അടിയിൽനിന്ന് വളർന്നുവലുതായ മരത്തിന്റെ വേരുകൾ പാലത്തിന്റെ കരിങ്കൽകെട്ടിന് വിള്ളലുണ്ടാക്കിയാണ് വളരുന്നത്. മരം മുറിച്ച് നീക്കിയില്ലെങ്കിൽ പാലത്തിന് തകരാറുണ്ടാകാൻ സാധ്യത ഏറെയാണ്.

2018-ലെ പ്രളയത്തിൽ ചാലക്കുടിപ്പുഴക്ക് കുറുകെ ഈയിടെ നിർമിച്ച ഭൂരിഭാഗം പാലങ്ങൾക്കും തകരാറുകൾ ഉണ്ടായപ്പോൾ വാഴച്ചാൽ പാലത്തിന് ഒരു കുഴപ്പവും ഉണ്ടായില്ല. പാലം ഇനിയും സംരക്ഷിക്കാൻ പാലത്തിന് ഭീഷണിയായ മരം പൂർണമായും നീക്കം ചെയ്യണമെന്നാണ് സഞ്ചാരികളുടെ ആവശ്യം.