: ഇവിടെ എതിരാളികൾപോലും ഒരു അട്ടിമറി പ്രതീക്ഷിച്ചിരുന്നില്ല, അത്രയേറെ ഉറച്ചതാണ് കെ. രാധാകൃഷ്ണനും ചേലക്കരയും തമ്മിലുള്ള ബന്ധം. 1996-ൽ എത്തിയ ആ ചെറുപ്പക്കാരനെ മന്ത്രിയും സ്പീക്കറുമൊക്കെയാക്കി വളർത്തി. കഴിഞ്ഞതവണ പാർട്ടിയുടെ തീരുമാനപ്രകാരം മാറിനിന്ന് രാധാകൃഷ്ണന്‌ ഇത്തവണ മാറ്റമുണ്ടാകുമെന്ന പ്രചാരണങ്ങളെല്ലാം അസ്ഥാനത്താണെന്നാണ് ഫലം വ്യക്തമാക്കുന്നത്. സംസ്ഥാനത്തെതന്നെ മികച്ച ഭൂരിപക്ഷം നൽകിയാണ് മണ്ഡലം പ്രിയപുത്രനെ ആശീർവദിച്ചത്. മന്ത്രിസ്ഥാനം ഉറപ്പായ സ്ഥിതിയിലാണ് ഭൂരിപക്ഷം കുതിച്ചതെന്നാണ് വിലയിരുത്തൽ.

എന്നാൽ, പാർട്ടിയിലെ പ്രാദേശികമായ ചില അഭിപ്രായവ്യത്യാസങ്ങളും സഭാതർക്കത്തിന്റെ അനുരണനങ്ങളും രാധാകൃഷ്ണന് തിരിച്ചടിയാകുമെന്ന് പ്രചരിപ്പിക്കപ്പെട്ടിരുന്നു. പരസ്യമായി ഇതൊക്കെ തള്ളിക്കളഞ്ഞെങ്കിലും പാർട്ടി വലിയ ജാഗ്രത പുലർത്തിയതോടെ കാര്യങ്ങളെളുപ്പമായി. പുതിയ മുഖത്തെ അവതരിപ്പിച്ചുള്ള കോൺഗ്രസ് പരീക്ഷണത്തിന് മതിയായ പുരോഗതി കൈവരിക്കാനായില്ല. ബി.ജെ.പി.യാകട്ടെ ചെറിയ തോതിൽ വോട്ടുവളർച്ച നേടിയെന്നതാണ് ആശ്വാസം.