വടക്കാഞ്ചേരി : അകമല, പൂങ്ങോട്‌, പൊങ്ങണംകാട് ഫോറസ്റ്റ് സ്‌റ്റേഷനുകൾ നിർത്തലാക്കിയതിൽ ഫോറസ്റ്റ് െപ്രാട്ടക്‌റ്റീവ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. സംസ്ഥാനത്തെ പോലീസ് സ്‌റ്റേഷനുകളുടെ എണ്ണം വർദ്ധിക്കുമ്പോഴും ഫോറസ്റ്റ് സ്‌റ്റേഷനുകളുടെ എണ്ണം അകാരണമായി വെട്ടിക്കുറയ്ക്കുന്നു. ഇത് വനസംരക്ഷണത്തെ സാരമായി ബാധിക്കുന്നു. വനം മാഫിയകൾക്ക് സഹായകമായ ഈ നിലപാട് അധികൃതർ സ്വീകരിച്ചത് വേണ്ടത്ര ചർച്ചയോ പഠനമോ ഇല്ലാതെയാണ്.

ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റിൽ നിന്ന് പിടിച്ചെടുത്ത 475 ഹെക്ടറിലെ സ്വാഭാവിക വനവത്കരണം, ചന്ദന സംരക്ഷണം എന്നിവയെ ഉത്തരവ് ബാധിക്കും. നിലവിലുള്ള സ്റ്റേഷൻ കെട്ടിടങ്ങളും ക്വാർട്ടേഴ്‌സുകളും പ്രയോജനരഹിതമായി മാറും. സ്‌റ്റേഷൻ നിർത്തലാക്കിയ ഉത്തരവ് പിൻവലിച്ച് വനം, വന്യജീവി സംരക്ഷണം ഉറപ്പാക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു . ജില്ലാ പ്രസിഡന്റ് എം.പി. അനിൽകുമാർ അധ്യക്ഷനായി. സംസ്ഥാന ഭാരവാഹികളായ പി. വിനോദ്,ജി.പി. സുനിൽകുമാർ, ജില്ലാ സെക്രട്ടറി വി.വി. ഷിജു, സംസ്ഥാന കമ്മിറ്റി അംഗം പി.ആർ. അരുൺ തുടങ്ങിയവർ പ്രസംഗിച്ചു.