കാട്ടകാമ്പാൽ : ഗ്രാമപ്പഞ്ചായത്തിനകത്ത് പരിശോധനകൾ കടുപ്പിച്ച് കുന്നംകുളം പോലീസ്. കോവിഡ് വ്യാപനത്തെത്തുടർന്നാണ് പരിശോധനകൾ കടുപ്പിച്ചിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധനകൾ നടത്തി. ഗ്രാമപ്പഞ്ചായത്ത് അതിനിയന്ത്രിത മേഖലയായി തുടരുകയാണ്.

. പൊതുജനങ്ങൾ ഒത്തുചേരുന്ന മേഖലകളിലും പരിശോധനകൾ നടത്തുന്നുണ്ട്. കൂടാതെ ജില്ലാ അതിർത്തികളിലും പരിശോധനകൾ നടത്തുന്നുണ്ട്.

എസ്.ഐ. അനീഷ് കെ. ദാസ്, സിപി.ഒ.മാരായ ഷിബിൻ, ജസ്റ്റിൻ, വിനീത്, രാഗേഷ്, വിമൽ തുടങ്ങിയവർ പരിശോധനകൾക്ക് നേത്യത്വം നൽകി. അനാവശ്യമായി പുറത്തിറങ്ങിയതിനും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനും 30 പേർക്കെതിരേ നടപടി സ്വീകരിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിലും പരിശോധനകൾ കടുപ്പിക്കുമെന്ന് പോലീസ് അറിയിച്ചു.

പഞ്ചായത്തിനകത്ത് നിലവിൽ 330 പേർക്ക് രോഗം സ്ഥിരീകരിച്ചു. പത്തു പേർ മരിക്കുകയും ചെയ്തു. പഞ്ചായത്ത് അധികൃതരും ആരോഗ്യ വിഭാഗവും വാർഡ് തലങ്ങളിൽ പരിശോധനകൾ നടത്തുന്നുണ്ട്.

ചെറുതുരുത്തി : ദേശമംഗലം-ചെറുതുരുത്തി മേഖലകളിൽ കർശന പരിശോധന ആരംഭിച്ചു. ചെറുതുരുത്തി പോലീസിന്റെയും റിസർവ് ബറ്റാലിയന്റെയും നേതൃത്വത്തിലാണ് പരിശോധന. നിരോധനാജ്ഞ നിലനിൽക്കുന്ന സ്ഥലങ്ങളാണിത്. അനാവശ്യമായി പുറത്തിറങ്ങുന്നവരെയും ട്രാഫിക് നിയമങ്ങൾ പാലിക്കാതെ വരുന്നവരെയുമാണ് പരിശോധിക്കുന്നത്. ചിലരെ മടക്കി അയയ്ക്കുകയും, മറ്റുചിലരെ പിഴ ഈടാക്കി വിട്ടയയ്ക്കുകയുമാണ് ചെയ്യുന്നത്. ചെറുതുരുത്തി-പനമന റോഡ് അടച്ചു. വരുംദിവസങ്ങളിൽ കൂടുതൽ റോഡുകൾ അടയ്ക്കും.

ദേശമംഗലത്ത് 13 കേസുകളും ചെറുതുരുത്തിയിൽ ആറ്‌ കേസുകളും റിപ്പോർട്ട് ചെയ്തു. വിവിധ ഭാഗങ്ങളിൽ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം കൂടിവരുകയാണ്.

ചെറുതുരുത്തി സി.ഐ. സുരേന്ദ്രൻ കല്ലിയാടൻ, എസ്.ഐ. ആന്റണി ക്രോംസൺ അരൂജ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നത്.