ചാവക്കാട് : നഗരസഭ പൂർണമായും കൺടെയിൻമെന്റ് സോണിലാണെന്നുമറന്ന് ജനം ചാവക്കാട് ടൗണിലെത്തിയത് തിങ്കളാഴ്ച നഗരത്തിൽ തിരക്ക്‌ വർധിപ്പിച്ചു.

സാധനങ്ങൾ വാങ്ങിക്കാനും മറ്റുമായാണ് വലിയൊരു വിഭാഗം ജനങ്ങൾ ടൗണിലെത്തിയതെങ്കിലും പലയിടത്തും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടില്ല. ഇതോടെ ജനമൈത്രി പോലീസും ദ്രുതകർമസേനയും രംഗത്തെത്തി. അരിയങ്ങാടിയിലേക്ക് വാഹനങ്ങൾ കടത്തിവിട്ടില്ല. കടകളിലും മറ്റും കൂട്ടംകൂടിയ ആളുകളോട് പോലീസ് അകലം പാലിക്കാൻ നിർദേശിച്ചു.

ശനി, ഞായർ അവധിക്കുശേഷമുള്ള ദിനമായതിനാലും ചൊവ്വാഴ്ച മുതൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്നുള്ള അറിയിപ്പിനെയും തുടർന്നാണ് അവശ്യസാധനങ്ങൾ വാങ്ങാൻ ജനങ്ങൾ കൂട്ടമായി ടൗണിലെത്തിയത്.

പലചരക്ക്, പച്ചക്കറി കടകളിൽ തിരക്കായിരുന്നു. റംസാൻ മാസം അവസാന പത്തിലേക്ക് കടന്നതും തിരക്ക്‌ വർധിപ്പിച്ചു. നഗരത്തിലെ തിരക്ക് ഒഴിവാക്കുന്നതിന്, എടക്കഴിയൂർ, അകലാട്, തിരുവത്ര, കടപ്പുറം, അഞ്ചങ്ങാടി, ഒരുമനയൂർ, പാലയൂർ, മുതുവട്ടൂർ തുടങ്ങിയ സ്ഥലങ്ങളിലെ ആളുകൾ അതതു സ്ഥലത്തെ സ്ഥാപനങ്ങളിൽനിന്ന്‌ സാധനങ്ങൾ വാങ്ങാൻ തയ്യാറാവണമെന്ന് പോലീസ് നിർദേശിച്ചു. എസ്.എച്ച്.ഒ. കെ.പി. ജയപ്രസാദ്, എസ്.ഐ. സി.കെ. രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തുന്നുണ്ട്.

കടകളിലും മറ്റും നിയന്ത്രണങ്ങൾക്ക് സീനിയർ സി.പി.ഒ. പി.എസ്. മുനീർ, വനിതാ സി.പി.ഒ. പി.ബി. സൗദാമിനി എന്നിവരുടെ നേതൃത്വത്തിലാണ്‌ ജനമൈത്രി പോലീസും ദ്രുതകർമ വിഭാഗവും ഇറങ്ങിയത്. മൂന്ന് മൊബൈൽ പട്രോൾ വാഹനവും ടൗൺ കേന്ദ്രീകരിച്ചുള്ള ബീറ്റും മൂന്ന് ബൈക്ക് പട്രോളിങ്ങുമായി 25 പേരടങ്ങുന്ന സംഘമാണ് രംഗത്തുള്ളത്.

കൺടെയിൻമെന്റ് സോൺ മറന്ന് ജനത്തിരക്കിൽ ചാവക്കാട്. ഇടപെട്ട് പോലീസും ദ്രുതകർമസേനയും

ചാവക്കാട്ട് ഒമ്പതുപേർക്ക് കോവിഡ്

ചാവക്കാട് : താലൂക്ക് ആശുപത്രിയിൽ തിങ്കളാഴ്‌ച നടത്തിയ ആന്റിജൻ പരിശോധനയിൽ ഒമ്പതുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഏഴുപേർ ചാവക്കാട് സ്വദേശികളാണ്. പൂക്കോട്, മുല്ലശ്ശേരി സ്വദേശികളാണ് മറ്റുള്ളവർ. ആകെ 30 പേരെ പരിശോധിച്ചു.