കൊടുങ്ങല്ലൂർ : ആധുനിക കേരളം കെട്ടിപ്പടുത്തത് ശ്രീനാരായണഗുരുവിന്റെ തത്ത്വദർശനവും ജീവിതവുംകൊണ്ടാണെന്ന് ശിവഗിരി മഠം ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി പറഞ്ഞു.

ശിവഗിരി മഠം ധർമസംഘം ട്രസ്റ്റ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സച്ചിദാനന്ദ സ്വാമിക്ക്‌ കൊടുങ്ങല്ലൂർ പൗരാവലി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് മതത്തിന്റെ പേരിൽ ലോകം മുഴുവൻ കലാപങ്ങളും മതപരിവർത്തനങ്ങളും നടക്കുമ്പോൾ ശ്രീനാരായണഗുരുവിന്റെ വിശ്വമാനവിക ദർശനങ്ങളുടെ പ്രസക്തി ഏറുകയാണെന്നും മതേതരത്വവും ശ്രീനാരായണദർശനങ്ങളും ലോകം മുഴുവൻ പ്രചരിപ്പിക്കാൻ ശിവഗിരിമഠം പ്രതിജ്ഞാബദ്ധമാണെന്നും സച്ചിദാനന്ദ സ്വാമി പറഞ്ഞു.

നേരത്തെ വില്ലേജ് ഓഫീസ് പരിസരത്തുനിന്ന്‌ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആനയിച്ച സ്വാമിയെ ശ്രീനാരായണ വൈദികസംഘം പൂർണകുംഭം നൽകി സ്വീകരിച്ചു. തുടർന്ന് നടന്ന സ്വീകരണസമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. വി.ആർ. സുനിൽകുമാർ എം.എൽ.എ. അധ്യക്ഷനായി.

എസ്.എൻ.ഡി.പി. യോഗം യൂണിയൻ പ്രസിഡന്റ് ഉമേഷ് ചള്ളിയിൽ, ഡോ. പി.എ. മുഹമ്മദ് സഈദ്, ഡി.ടി. വെങ്കിടേശ്വരൻ, പി.കെ. രവീന്ദ്രൻ, ബേബിറാം, നടുമുറി ബാബു ശാന്തി, പ്രൊഫ. കെ.കെ. രവി, ഗിരീഷ് ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.