തൃശ്ശൂർ : ഓൺലൈൻ പഠനകാലത്ത് കുട്ടികൾക്ക് സ്നേഹവും കരുതലും ഉറപ്പാക്കാൻ ‘മക്കൾക്കൊപ്പം’ പദ്ധതി വരുന്നു. വിദ്യാഭ്യാസവകുപ്പ്, ശാസ്ത്രസാഹിത്യ പരിഷത്ത്, ജില്ലാ പഞ്ചായത്ത് എന്നിവ ചേർന്നാണ് പദ്ധതിക്ക് രൂപംകൊടുത്തത്. സ്കൂൾ പി.ടി.എ.കളുടെ സഹകരണത്തോടെയാണ് ഓരോ സ്കൂളിലും പരിപാടി സംഘടിപ്പിക്കുന്നത്.

ആവശ്യമെങ്കിൽ 250 പേർക്കുവരെ ഒരുമിച്ച് പങ്കെടുക്കാവുന്ന ഗൂഗിൾ പ്ലാറ്റ്ഫോം സ്കൂളുകൾക്ക് ലഭ്യമാക്കും. ജില്ലാതല ഉദ്ഘാടനം അരിമ്പൂരിൽ വ്യാഴാഴ്ച 10.30-ന് മന്ത്രി ആർ. ബിന്ദു ഓൺലൈനിലൂടെ നിർവഹിക്കും. മുരളി പെരുനെല്ലി എം.എൽ.എ. അധ്യക്ഷത വഹിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.കെ. ഡേവിഡ്, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.വി. വല്ലഭൻ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി. മദനമോഹനൻ, ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡൻറ് ഡോ. കെ. വിദ്യാസാഗർ, ജില്ലാ ജോയിൻറ്‌ സെക്രട്ടറി എം. ഹരീഷ് കുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.