പുതുക്കാട് : കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിന് സമീപം നിർത്തിയിട്ട ബൈക്കുകളിൽനിന്ന് പെട്രോൾ ചോർത്തലും ഹെൽമെറ്റ് മോഷണവും പതിവാകുന്നു.

സ്റ്റാൻഡിൽ എത്തുന്നവർ ദേശീയപാതയോരത്ത് നിർത്തിയിടുന്ന ഇരുചക്ര വാഹനങ്ങളാണ് മോഷ്ടാക്കൾ പ്രധാനമായും ലക്ഷ്യമാക്കുന്നത്. ഇവിടെനിന്ന്‌ ബൈക്കുകൾ വരെ മോഷണം പോയിട്ടുണ്ടെങ്കിലും യാത്രക്കാർ ബൈക്കുകൾ നിർത്തിയിടുന്നത് തുടരുകയാണ്.

രണ്ടു തവണ ഹെൽമെറ്റ് നഷ്ടപ്പെട്ടതായി ഇവിടെ പതിവായി ബൈക്ക് നിർത്തിയിടുന്ന കല്ലൂർ പാറേക്കാട് സ്വദേശി താഴേക്കാടൻ ഷാബു പറയുന്നു. ബൈക്കിൽനിന്ന് പെട്രോൾ ഊറ്റിയ സംഭവങ്ങളും നിരവധിയാണ്.

എറണാകുളത്തേക്ക് ജോലിക്ക് പോകുന്ന ഷാബുവിന് ഈ പാർക്കിങ് ഒഴിവാക്കാനാവില്ല. 

കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിനോട് ചേർന്ന് പാർക്കിങ് സംവിധാനമില്ലാത്തതാണ് പ്രശ്നത്തിന് പ്രധാന കാരണം.

ദേശീയപാതയോരത്തെ സർവീസ് റോഡരികിൽ ഇരുചക്രവാഹനങ്ങൾ നിർത്തിയിടുന്നത് വാഹന ഗതാഗതത്തിനും തടസ്സമാണ്.

ഇവിടെ ദിവസേന നിരവധിപേരാണ് വാഹനങ്ങൾ നിർത്തിയിടുന്നത്. കെ.എസ്.ആർ.ടി.സി. സ്റ്റാൻഡ് പരിസരത്ത് പേ പാർക്കിങ് ഏർപ്പെടുത്തി പ്രശ്ന പരിഹാരം കാണണമെന്നാണ് യാത്രക്കാരുടെ ആവശ്യം.