വടക്കാഞ്ചേരി : കമ്യൂണിസ്റ്റ് പ്രസ്ഥാനം നവോത്ഥാനത്തിന്റെ തുടർച്ച ഏറ്റെടുത്തതിനാലാണ് മറ്റു സംസ്ഥാനങ്ങളിൽനിന്ന് കേരളം വേറിട്ടുനിൽക്കുന്നതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം പി. രാജീവ് പറഞ്ഞു. പുരോഗമന കലാസാഹിത്യസംഘം വേലൂരിൽ സംഘടിപ്പിച്ച, മാറുമറയ്ക്കൽ സമരത്തിന്റെ 65-ാം വാർഷികത്തിന്റെ ഭാഗമായി നടത്തിയ ‘ഓർമകളുണ്ടായിരിക്കണം നമ്മൾ നടന്നുതീർത്ത വഴികൾ’ എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാറുമറയ്ക്കൽ സമരവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച കെ.എസ്. ശങ്കരൻ, ദേവകി നമ്പീശൻ, വെള്ളറോട്ടിൽ മീനാക്ഷി, കെ.കെ. ചീരു എന്നിവരെ ചടങ്ങിൽ മന്ത്രി എ.സി. മൊയ്തീൻ പൊന്നാടയണിയിച്ച് ഉപഹാരം നൽകി. വേലൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ഷോബി ചടങ്ങിൽ അധ്യക്ഷനായി. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ മുഖ്യാതിഥിയായി. ഡോ. കെ.ഡി. ബാഹുലേയൻ, വി. മുരളി, സി.എഫ്. ജോൺജോഫി, സുരേഷ് പുതുക്കുളങ്ങര, ഡോ. റോയ് മാത്യു, ടി.എം. വേണു തുടങ്ങിയവർ പ്രസംഗിച്ചു.