തൃശ്ശൂർ : വൈദ്യുതി ബോർഡ് ചുമത്തിയ ഇരട്ടി വൈദ്യുതിബിൽ റദ്ദാക്കാൻ ഉപഭോക്തൃകോടതി വിധി. പതിവിൽ കവിഞ്ഞ വൈദ്യുതി ബിൽ റദ്ദാക്കാൻ ആവശ്യപ്പെട്ട് കണ്ടശ്ശാംകടവ് സ്വദേശി ഷീലാ ദാസ് ഫയൽചെയ്ത ഹർജിയിലാണ് ഉത്തരവായത്. 2015 ജൂലായ് എട്ടിനാണ് 31,921 രൂപയുടെ ബിൽ ലഭിച്ചത്. 8,000 രൂപയ്ക്ക് താഴെയുള്ള ബില്ലാണ് ലഭിക്കാറുള്ളതെന്നും ഈ ബിൽ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഷീല ഹർജി സമർപ്പിച്ചത്. വൈദ്യുതിച്ചോർച്ച മൂലമാണ് തുക വർധിച്ചതെന്ന് ബോർഡ് വാദിച്ചു. എന്നാൽ ആവശ്യമായ തെളിവുകളൊന്നും ഹാജരാക്കാനുമായില്ല.

വൈദ്യുതിബോർഡിന്റെ ഭാഗത്തുനിന്ന് നിയമപ്രകാരമുള്ള ഇടപെടലുകളല്ല ഉണ്ടായതെന്ന് കോടതി നിരീക്ഷിച്ചു. തെളിവുകൾ പരിഗണിച്ച പ്രസിഡന്റ് സി.ടി. സാബു, അംഗം എസ്. ശ്രീജ എന്നിവരടങ്ങിയ ഉപഭോക്തൃ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ഹർജിക്കാരിക്കു വേണ്ടി അഡ്വ. എ.ഡി. ബെന്നി ഹാജരായി.