ആളൂർ : വിവാഹസദ്യയിൽ പങ്കെടുത്ത 125 പേർ ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടർന്ന് ആശുപത്രികളിൽ ചികിത്സതേടി. പതിമൂന്നുപേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സദ്യയിൽ വിളമ്പിയ കാടമുട്ടക്കറി കഴിച്ചവരിലാണ് അസ്വാസ്ഥ്യമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. കറിയുടെ സാമ്പിൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.

ആളൂർ പ്രസിഡൻസി ക്ലബ്ബ് ഹാളിൽ ചൊവ്വാഴ്ച വൈകീട്ട് നടന്ന വിവാഹസത്കാരത്തിൽ പങ്കെടുത്തവർക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. 265 പേർ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇവരിൽ പകുതിയോളം പേർക്കാണ് പനി, ഛർദ്ദി, വയറിളക്കം, തലവേദന എന്നിവയുണ്ടായത്. ഏഴുപേരെ കറുകുറ്റിയിലെ അപ്പോളോ ആശുപത്രിയിലും ബാക്കിയുള്ളവരെ കൊടകര, പോട്ട, ചാലക്കുടി, പുല്ലൂർ, കുഴിക്കാട്ടുശ്ശേരി എന്നിവിടങ്ങളിലെ ആശുപത്രികളിലുമാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. സദ്യയിൽ പങ്കെടുത്ത ചിലർക്ക് ബുധനാഴ്ച ഉച്ചയ്ക്കുശേഷവും മറ്റുള്ളവർക്ക് വ്യാഴാഴ്ചയുമാണ് അസ്വാസ്ഥ്യം അനുഭവപ്പെട്ടുതുടങ്ങിയത്.

ആളൂർ ആരോഗ്യകേന്ദ്രത്തിൽനിന്നും ഭക്ഷ്യസുരക്ഷാ വകുപ്പിൽനിന്നും അധികൃതരെത്തി പരിശോധിച്ചു. അസ്വാസ്ഥ്യമുള്ളവരിൽ ആരുടെയും നില ഗുരുതരമല്ലെന്ന് ആരോഗ്യകേന്ദ്രം അധികൃതർ അറിയിച്ചു. കുഴിക്കാട്ടുശ്ശേരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ ജില്ലാ പഞ്ചായത്ത്‌ പ്രസിഡൻറ് പി.കെ. ഡേവിസ്, ആളൂർ പഞ്ചായത്ത്‌ പ്രസിഡൻറ് കെ.ആർ. ജോജോ എന്നിവർ സന്ദർശിച്ചു.