തൃശ്ശൂർ : കോർപ്പറേഷനും സിറ്റി പോലീസും തമ്മിലുള്ള പോര് വീണ്ടും. പരസ്യനികുതി സംബന്ധിച്ച നടപടികളാണ് പുതിയ പ്രശ്‌നങ്ങൾക്ക് കാരണമായത്. നികുതിയടയ്ക്കാതെ പരസ്യങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്ന ട്രാഫിക് ബോർഡുകൾ കഴിഞ്ഞദിവസം കോർപ്പറേഷൻ എടുത്തുമാറ്റി.

ഗതാഗതക്രമീകരണത്തിനായി സ്ഥാപിച്ചിരുന്ന ബോർഡുകൾ മോഷ്ടിച്ചെന്നാരോപിച്ച് കോർപ്പറേഷൻ ഉദ്യോഗസ്ഥർക്കെതിരേ പോലീസ് കേസെടുത്തതോടെ വിഷയം പിടിവിട്ടു. എ.സി.പി.യുടെ നേതൃത്വത്തിലുള്ള പോലീസിനെതിരേ മേയർ എം.കെ. വർഗീസ് മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും രേഖാമൂലം പരാതിനൽകി. ഇതിനുപുറമേ ഹൈക്കോടതിയിൽ കേസ് കൊടുത്തെന്നും മേയർ വ്യക്തമാക്കി.

അനധികൃത ബോർഡുകളും ഹോർഡിങ്ങുകളും പെരുകുന്നതിനെതിരേ കോടതിയും സർക്കാരും നിലപാട് കടുപ്പിച്ചിരുന്നു. ബോർഡുകൾ സംബന്ധിച്ച് കണക്കെടുത്തപ്പോഴാണ് തൃശ്ശൂർ നഗരത്തിലുള്ള പല ബോർഡുകൾക്കും പരസ്യനികുതി അടയ്ക്കുന്നില്ലെന്ന് ബോധ്യപ്പെട്ടത്. പ്രധാന പാതകളിൽ ഡിവൈഡറുകളിലെ ബോർഡുകളുടെ കാര്യത്തിലാണ് കൂടുതൽ.

മേയറും സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ പി.കെ. ഷാജനും ജോൺ ഡാനിയലും കൃത്യമായ വിവരശേഖരണം നടത്തി നിയമപരമല്ലാത്ത ബോർഡുകൾ നീക്കം ചെയ്തു. ബോർഡുകൾ നീക്കം ചെയ്ത ജനപ്രതിനിധികളെ ഒഴിവാക്കി ഉദ്യോഗസ്ഥർക്കെതിരേയാണ് കേസ്. മുതിർന്ന പോലീസുദ്യോഗസ്ഥൻ നഗരസഭാ ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്നും ആക്ഷേപമുണ്ട്. നഗരത്തിലെ ഗതാഗത ക്രമീകരണവുമായി ബന്ധപ്പെട്ടും കോർപ്പറേഷൻ നേതൃത്വവും പോലീസും തമ്മിൽ അടുത്തിടെ ഏറ്റുമുട്ടിയിരുന്നു.

മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും പരാതി നൽകി മേയർ

പോലീസിന് പറയാനുള്ളത്.

ജനങ്ങൾക്കുവേണ്ടിയാണ് ഇത്തരം സൂചനാ ബോർഡുകൾ സ്ഥാപിക്കുന്നത്. കോർപ്പറേഷനോട് ബോർഡുകൾ സ്ഥാപിക്കാൻ പലവട്ടം സഹായം ആവശ്യപ്പെട്ടിരുന്നെങ്കിലും കിട്ടിയിരുന്നില്ല. ഫണ്ടില്ല എന്ന മറുപടിയാണ് ലഭിക്കാറ്. ഇതിനാലാണ് പുറത്തുനിന്നുള്ളവരുടെ സഹായം തേടിയത്.

ബോർഡുകൾ നഷ്ടപ്പെട്ടതിനെത്തുടർന്നാണ് കേസ് എടുത്തത്. പിന്നീടാണ് കോർപ്പറേഷനാണ് കൊണ്ടുപോയത് എന്നു മനസ്സിലായത്. എടുത്ത ബോർഡുകൾ തിരിച്ചുതരാൻ ആവശ്യപ്പെട്ടെങ്കിലും അവർ തന്നില്ല. 65000 രൂപയോളം വിലയുള്ള 24 സൂചനാ ബോർഡുകളാണ് കോർപ്പറേഷൻ മാറ്റിയത്.

പിന്നിൽ ലോബിയെന്ന് സംശയം

കോർപ്പറേഷൻ അറിയാതെ പരസ്യനികുതി പിരിക്കുന്നതിനായി ചില ലോബികൾ പ്രവർത്തിക്കുന്നുണ്ടോയെന്നുപോലും സംശയിക്കേണ്ട സ്ഥിതിയാണ്. നിയമലംഘനത്തിന് നടപടിയെടുക്കുമ്പോൾ പോലീസ് എതിർക്കുന്നതെന്തിനെന്നു മനസ്സിലാകുന്നില്ല.

ഗതാഗത ക്രമീകരണത്തിന്റെ ഭാഗമായി പലയിടത്തും പോലീസിന്‌ ബോർഡുകൾ സ്ഥാപിക്കേണ്ടിവരും. അത്തരം സ്ഥലങ്ങൾ ചൂണ്ടിക്കാണിച്ചാൽ അത് കോർപ്പറേഷൻ സ്ഥാപിക്കും. ഇതാണ് നിലപാട്.

മേയർ എം.കെ. വർഗീസ്

ഗവേഷണഫലം കർഷകരിലെത്തണം- മന്ത്രി പി. പ്രസാദ്

തൃശ്ശൂർ : കാർഷിക സർവകലാശാലാ ഗവേഷണഫലം കർഷകരിൽ എത്തിക്കണമെന്ന് മന്ത്രി പി. പ്രസാദ്. കർഷകനും ശാസ്ത്രജ്ഞരും തമ്മിലുള്ള അകലം കുറഞ്ഞ് ഹൃദയബന്ധം ഉണ്ടാവുന്നതിലൂടെ കൃഷി പ്രോത്സാഹിപ്പിക്കപ്പെടുമെന്ന് മന്ത്രി പറഞ്ഞു. കാർഷിക സർവകലാശാലാ വിളപരിപാലന ശുപാർശകൾ ഓൺലൈൻ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രി കെ. രാജൻ അധ്യക്ഷനായി.

വൈസ് ചാൻസലർ ഡോ. ആർ. ചന്ദ്രബാബു ശില്പശാലയെക്കുറിച്ച് വിശദീകരിച്ചു. സർവകലാശാല വികസിപ്പിച്ചെടുത്ത 35 വിള ഇനങ്ങളും എൺപതിലധികം സാങ്കേതികവിദ്യകളും ശില്പശാലയിൽ ചർച്ചചെയ്തു. അനുമതി ലഭിക്കുന്ന സാങ്കേതികവിദ്യകൾ കാർഷിക സർവകലാശാലയുടെ പാക്കേജ് ഓഫ് പ്രാക്ടീസസ്: ക്രോപ്സ് എന്ന ആധികാരിക കാർഷിക പ്രസിദ്ധീകരണത്തിൽ പ്രസിദ്ധീകരിക്കും.

പ്ലാനിങ് ബോർഡ്‌ അംഗം ഡോ. ജിജു പി. അലക്സ്, കാർഷികവികസന കർഷകക്ഷേമ വകുപ്പ് ഡയറക്ടർ ടി.വി. സുഭാഷ്, കേരള സംസ്ഥാന പ്ലാനിങ് ബോർഡ് അഗ്രി ചീഫ് എസ്.എസ്. നാഗേഷ്, രജിസ്ട്രാർ ഡോ. സക്കീർ ഹുസൈൻ, കർഷകോത്തമ പുരസ്കാരജേതാവ് അബ്ദുൽ ലത്തീഫ്, ഡയറക്ടർ ഓഫ് റിസർച്ച് ഡോ. മധു സുബ്രഹ്മണ്യൻ, ഡയറക്ടർ ഓഫ് എക്‌സ്റ്റൻഷൻ ഡോ. ജയശ്രീ കൃഷ്ണൻകുട്ടി എന്നിവർ പ്രസംഗിച്ചു.