കൊച്ചി : ഗുരുവായൂർ ക്ഷേത്രത്തിലെ തുലാഭാരത്തിന്റെ നിരക്കു കൂട്ടിയ ദേവസ്വം മാനേജിങ്‌ കമ്മിറ്റിയുടെ തീരുമാനം നടപ്പാക്കാത്തത് ചോദ്യം ചെയ്തുള്ള ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. 2014-15 വർഷം മുതൽ നിരക്ക് വർധിപ്പിക്കാനായിരുന്നു ദേവസ്വം മാനേജിങ്‌ കമ്മിറ്റി തീരുമാനിച്ചത്. ഇത് നടപ്പാക്കാത്തതിനാൽ നാലു കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് ആരോപിച്ച് തൃശ്ശൂർ സ്വദേശി കെ.പി. മനോജ് കുമാർ നൽകിയ ഹർജിയിലാണ് വിശദീകരണം തേടിയിരിക്കുന്നത്. നഷ്ടം ദേവസ്വം ചെയർമാൻ ഉൾപ്പെടെയുള്ളവരിൽനിന്ന് ഇൗടാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. മാർച്ച് 23-ന് ഹർജി വീണ്ടും പരിഗണിക്കും.

ദേവസ്വം മാനേജിങ്‌ കമ്മിറ്റിയുടെ തീരുമാനം നടപ്പാക്കാത്തതിനെ തുടർന്ന് വകുപ്പുതല അന്വേഷണം നടത്തുകയും ദേവസ്വത്തിൽ ക്ളാർക്കായിരുന്ന ബിന്ദുവിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

ഇതുമായി ബന്ധപ്പെട്ട ഫയൽ ഇവർ സെക്ഷനിൽ ഒളിപ്പിച്ചുവെച്ചതിനായിരുന്നു സസ്പെൻഷൻ എന്ന് ഹർജിയിൽ ആരോപിക്കുന്നു. എന്നാൽ ബിന്ദുവിന്റെ സഹോദരൻ ദേവസ്വം മന്ത്രിക്കു നൽകിയ പരാതിയിൽ അന്വേഷണ നടപടികൾ റദ്ദാക്കി. ഇത്തരമൊരു ഇടപെടലിന് സർക്കാരിന് അധികാരമുണ്ടായിരുന്നില്ലെന്നും ഹർജിയിൽ പറയുന്നു.