പെരിങ്ങോട്ടുകര :ഇത്തിരി സ്ഥലം, അല്പം വെള്ളം, കുറച്ച് വളം... ഇത്രേം മതി, ജൈവരീതിയിൽ ഏതു കൃഷിയും നമുക്ക് നൂറുമേനി വിളയിച്ചെടുക്കാം. കനത്ത മഴയും പൊള്ളുന്ന വെയിലും ഈ കൂടാരത്തിനുള്ളിൽ കടക്കില്ല. ഊഷ്മാവ് ക്രമീകരിക്കാം, വിളകൾ ചീയില്ല, കരിയില്ല, കീടങ്ങൾ ഈ പരിസരത്തു വരില്ല...

കർഷകർക്കു നൽകിയ വാഗ്ദാനങ്ങളായിരുന്നു എല്ലാം. നൂതന കൃഷിരീതിയായ പോളിഹൗസുകൾ സ്ഥാപിച്ച്, 2013 നവംബറിൽ സംസ്ഥാനത്തെ ആദ്യത്തെ ഹൈടെക് ഹരിത ഗ്രാമമായി താന്ന്യം പഞ്ചായത്തിനെ പ്രഖ്യാപിച്ചപ്പോഴായിരുന്നു അത്. വിളയിറക്കാതെ കാടുകയറി, ഷീറ്റുകൾ കീറി, തുരുമ്പെടുത്ത ഇരുമ്പുപൈപ്പുകൾ മാത്രമായി ഒരു അസ്ഥിപഞ്ജരം - ഇതാണ് ഏഴുവർഷങ്ങൾക്കിപ്പുറം ഒട്ടുമിക്ക ഹരിതഗൃഹങ്ങളുടെയും അവസ്ഥ.

പല പോളിഹൗസുകളും ഉടമകൾ ഇരുമ്പുവിലയ്ക്ക് പൊളിച്ച് വിൽക്കുകയും ചെയ്തു. നിർമാണച്ചെലവിന്റെ 75 ശതമാനവും സബ്‌സിഡി നൽകി കേരളമൊട്ടാകെ നടപ്പിലാക്കിയ പദ്ധതിയുടെ പലയിടത്തെ സ്ഥിതിയും ഇതുതന്നെ. അറ്റകുറ്റപ്പണികളുടെ അധികച്ചെലവാണ് കർഷകരെ പിന്നോട്ട് വലിക്കുന്നതെന്നാണ് വിശദീകരണം. സബ്‌സിഡിയായി സർക്കാർ ചെലവഴിച്ച തുക ഉൾപ്പെടെ കൃഷിയുപകരണങ്ങളും വിത്തും വളവും അനുബന്ധ ആനുകൂല്യങ്ങളുമായി കോടികൾ പാഴായി.

തുടക്കത്തിൽ നാഷണൽ ഹോർട്ടികൾച്ചർ മിഷന്റെ എസ്റ്റിമേറ്റ് പ്രകാരം 400 ചതുരശ്രഅടിയുള്ള പോളിഹൗസിന്റെ നിർമ്മാണച്ചെലവ് 3.74 ലക്ഷം രൂപയാണ്. അന്തിക്കാട് ബ്ലോക്കിൽ 22 പോളിഹൗസുകൾ ഉണ്ടായിരുന്നു. ഇന്ന് വിരലിലെണ്ണാവുന്നവ മാത്രം. പദ്ധതി നിർവഹണത്തിലെ അശാസ്ത്രീയതയാണ് ഈ കൃഷിരീതി വിജയത്തിലെത്തിക്കാനാവാത്തതിന്റെ മുഖ്യകാരണം.

നഷ്ടമാകുന്നത് ..

കൃത്രിമ അന്തരീക്ഷമുണ്ടാക്കി വൈവിധ്യമാർന്ന വിളകൾ എപ്പോൾ വേണമെങ്കിലും കൃഷിചെയ്യാൻ ഈരീതിയിൽ സാധിക്കും. വാണിജ്യാടിസ്ഥാനത്തിൽ മാത്രമല്ല, വീട്ടാവശ്യത്തിനുള്ള വിഷരഹിത പച്ചക്കറികൾ ഉണ്ടാക്കുന്നതിനും വീട്ടുമുറ്റത്തോ ടെറസ്സിലോ കൃഷി ചെയ്യാം. ഒരു കുടുംബത്തിന് വർഷം മുഴുവൻ ആവശ്യമായ പച്ചക്കറികൾ ലഭിക്കാൻ 50 സ്‌ക്വയർ മീറ്റർ വിസ്തീർണമുള്ള പോളിഹൗസ് മതി.

കർഷകരെ ആകർഷിച്ചില്ല

കർഷകർക്കും നിർവഹണോദ്യോഗസ്ഥർക്കും പദ്ധതിയുടെ തുടക്കത്തിലുണ്ടായ താത്‌പര്യം പിന്നീടുണ്ടായില്ല. മുതൽമുടക്ക് കൂടുതലായതിനാൽ സാമ്പത്തികഭദ്രതയുള്ള കർഷകർ മാത്രമേ മുന്നിട്ടിറങ്ങിയുള്ളൂ. മേൽനോട്ടക്കുറവും തുടർപ്രവർത്തനങ്ങളുടെ അപര്യാപ്തതയും പദ്ധതിയുടെ തളർച്ചയ്ക്ക് കാരണമായി. പൂകൃഷി ഉൾപ്പെടെ കയറ്റുമതി ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളും നടന്നില്ല.

പ്രതീക്ഷയുണ്ട്

ഒരു സ്‌ക്വയർ മീറ്ററിന് 1200 രൂപ ചെലവ് വരുന്ന പോളിഹൗസുകളുടെ നിലവിൽ തകരാറിലായിട്ടുള്ള യു.വി. പോളിത്തീൻ ഷീറ്റുകൾ മാറ്റുന്നതിന് സ്‌ക്വയർ മീറ്ററിന് ഏകദേശം 60 രൂപയാണ് ചെലവ്. കൃഷി പുനരുജ്ജീവിപ്പിക്കാൻ സാധിക്കാത്തവർക്ക് ലാഭവിഹിതം നൽകി കർഷക കൂട്ടായ്മകൾക്കോ, സഹകരണസംഘങ്ങൾക്കോ പദ്ധതി ഏറ്റെടുക്കാം. സഹകരണസംഘത്തിന്റെ കൃഷിക്ക് ലഭിക്കുന്ന തൊഴിലുറപ്പ് ദിനങ്ങൾ ഉപയോഗപ്പെടുത്തി കൂലിച്ചെലവിൽ വരുന്ന നഷ്ടവും നികത്താനാകും. ഇപ്പോഴുള്ള പോളിഹൗസുകൾ വലിയ മുതൽമുടക്കില്ലാതെ തന്നെ ലാഭകരമാക്കി മാറ്റാം.

ആനുകൂല്യങ്ങൾ കൈപ്പറ്റാനുള്ള മാർഗ്ഗമായി

ലക്ഷങ്ങളുടെ സബ്‌സിഡിയും ആനുകൂല്യങ്ങളും കൈപ്പറ്റി കൃഷിയുപേക്ഷിച്ചവരാണ് പലരും. ഇത്തരക്കാർ മൂലം യഥാർത്ഥ കർഷകർക്ക് അർഹമായത് കിട്ടുന്നില്ല. ജൈവകൃഷിയുമായി ബന്ധപ്പെട്ട് ഉത്‌പന്നങ്ങളുടെ വിപണനത്തിനുണ്ടാക്കിയ സഹകരണസംഘവും കെടുകാര്യസ്ഥത മൂലം ഇല്ലാതായി.

ആന്റോ തൊറയൻ,

താന്ന്യം പഞ്ചായത്ത് അംഗം

പഠിച്ച് കൃഷിചെയ്താൽ ലാഭം

കൃഷിപരിശീലക കൂടിയായ ഞാൻ വർഷങ്ങളായി ഈ രീതിയിൽ കൃഷിചെയ്യുന്നുണ്ട്. ഇടവേളകളില്ലാതെ വ്യത്യസ്ത വിളകൾ പോളിഹൗസിൽ കൃഷിയിറക്കിയാൽ നഷ്ടസാധ്യതയില്ല. പരിപാലനച്ചെലവ് കൂടുതലാണെങ്കിലും കൃഷിവകുപ്പിന്റെ നല്ല പിന്തുണയുള്ളതിനാൽ കർഷകർക്ക് ഭാരമാകില്ല.

ലത വിജയ്,

പോളിഹൗസ് കർഷക, ചാഴൂർ

വേണം, ശാസ്ത്രീയ പരിചരണം

പോളിഹൗസ് ഫാമിങ്‌ ശാസ്ത്രീയമായ രീതിയിൽ അധികസ്ഥലത്ത് ചെയ്യുന്നത് ലാഭകരമാക്കാം. നല്ല അവബോധവുമുണ്ടാകണം. കൂടുതൽ പരിചരണവും ശ്രദ്ധയും വേണം.

ഡോ. പി. സുശീല,

അസോസിയേറ്റ് പ്രൊഫസർ,

കേരള കാർഷിക സർവകലാശാല, മണ്ണുത്തി